പത്തനംതിട്ട: ഞായറാഴ്ച പുലർച്ചെ കോന്നി മുറിഞ്ഞകല്ലിന് സമീപം ശബരിമല ഭക്തർ സഞ്ചരിച്ചിരുന്ന ബസിൽ കാർ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു.
പത്തനംതിട്ട മല്ലശ്ശേരി സ്വദേശികളായ പുത്തന്‍ തുണ്ടിയില്‍ വീട്ടില്‍ മത്തായി ഈപ്പന്‍ (65), മകന്‍ നിഖില്‍ ഈപ്പന്‍ മത്തായി(29), തെങ്ങുംകാവ് പുത്തന്‍വിള കിഴക്കേതില്‍ ബിജു പി ജോര്‍ജ് (51), മകള്‍ അനു ബിജു (26) എന്നിവരായിരുന്നു ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്.
പുനലൂർ-മൂവാറ്റുപുഴ റോഡിൽ മുറിഞ്ഞകല്ല്-കലഞ്ഞൂർ സ്‌ട്രെച്ചിൽ പുലർച്ചെ 3.30ഓടെയാണ് അപകടമുണ്ടായതെന്ന് പോലീസ് റിപ്പോർട്ട് ചെയ്തു. മലേഷ്യയിലെ മധുവിധു ആഘോഷം കഴിഞ്ഞ് നാട്ടിലെത്തിയ നിഖിലിനെയും ഭാര്യ അനുവിനെയും കൂട്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പത്തനംതിട്ടയിലേക്ക് മടങ്ങുകയായിരുന്നു. കാർ ഓടിച്ചിരുന്ന ബിജു പി.ജോർജ് ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയത്.
അപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് കാര്‍ പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാര്‍ അമിത വേഗത്തില്‍ വന്നിടിച്ചു എന്നാണ് തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന്‍റെ ഡ്രൈവര്‍ സതീഷ് പറയുന്നത്. കാര്‍ വരുന്നത് കണ്ട് വേഗം കുറച്ച് വശത്തേക്ക് വാഹനം ഒതുക്കി. പക്ഷേ കാര്‍ ഇടിച്ചു കയറി. ബസ് സാധാരണ വേഗത്തില്‍ മാത്രമായിരുന്നുവെന്നും ഡ്രൈവര്‍ സതീഷ് വ്യക്തമാക്കി.
ഹൈദരാബാദ് സ്വദേശികളായ 19 തീര്‍ഥാടകരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ബസിന്‍റെ മുൻവശം പൂര്‍ണമായി തകര്‍ന്നിരുന്നു. ബസ് യാത്രക്കാർക്കൊന്നും കാര്യമായ പരിക്കില്ല.
അപകടം നടന്നയുടൻ പ്രദേശവാസികൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒരു പോലീസും ഫയർ ആൻഡ് റെസ്‌ക്യൂ ടീമും ഒപ്പം ചേർന്നു. കാറിലെ യാത്രക്കാരെ വെട്ടിപ്പൊളിച്ച ശേഷം തകർന്ന വാഹനത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവരിൽ മൂന്ന് പേർ ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചതായി സ്ഥിരീകരിച്ചു, എന്നാൽ, ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം അനു മരണത്തിന് കീഴടങ്ങി.
അപകടം നടന്ന റോഡിന് വീതി കുറവായതിനാൽ സമീപ വർഷങ്ങളിൽ നിരവധി അപകടങ്ങൾ ഉണ്ടായതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ നവംബര്‍ 30നായിരുന്നു അനുവിന്‍റെയും നിഖിലിന്‍റെയും വിവാഹം. എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. മലേഷ്യയിലെ മധുവിധു ആഘോഷം കഴിഞ്ഞ് നാട്ടിലേക്ക് തിരികെയെത്തിയ ദമ്പതികളെ വിമാനത്താവളത്തിലേക്ക് പോയതായിരുന്നു അനുവിന്‍റെ പിതാവ് ബിജു ജോര്‍ജും നിഖിലിന്‍റെ പിതാവ് മത്തായി ഈപ്പനും. കാനഡയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന നിഖില്‍ കഴിഞ്ഞ മാസം 25നാണ് വിവാഹത്തിനായി നാട്ടിലെത്തിയത്.
അപകട കാരണം പരിശോധിക്കുമെന്ന് കെ യു ജനീഷ് കുമാർ എംഎല്‍എ
പത്തനംതിട്ടയിലുണ്ടായ വാഹനാപകടത്തില്‍ നാല് പേർ കൊല്ലപ്പെട്ട സംഭവത്തില്‍ സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് വേദനയെന്ന് കെ യു ജനീഷ് കുമാർ എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാഴ്‌ച മുന്‍പ് നടന്ന നിഖിലിൻ്റെയും അനുവിൻ്റെയും വിവാഹത്തില്‍ താനും പങ്കെടുത്തിരുന്നു. അപകട കാരണം പരിശോധിക്കും.
റോഡിന്‍റെ നിർമാണം പൂർത്തിയായി വരുന്നതേ ഉള്ളൂ. ടാറിങ് കഴിഞ്ഞത് മുതല്‍ എല്ലാ വാഹനങ്ങളും ഇതുവഴിയാണ് വരുന്നത്. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു വരുന്നതെ ഉള്ളൂവെന്നും റോഡ് നല്ല നിലയില്‍ കിടക്കുന്നത് കൊണ്ടുതന്നെ വാഹനങ്ങള്‍ അമിത വേഗതയെടുക്കാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നുന്നതെന്നും എംഎല്‍എ പറഞ്ഞു. വാഹനം അമിത വേഗതയില്‍ ആയിരുന്നെന്നും കാറിലുള്ളവർ ഉറങ്ങിപ്പോകാനുള്ള സാധ്യതയാണ് അപകടത്തിന് കാരണമായതായാണ് പൊലീസ് പറയുന്നതെന്നും എഎല്‍എ പറഞ്ഞു.