തിരുവനന്തപുരം: ചൊവ്വാഴ്ച (ഡിസംബർ 17) ഒരു കൂട്ടം സ്റ്റുഡൻ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) പ്രവർത്തകർ തിരുവനന്തപുരത്ത് പാളയത്തുള്ള സർവ്വകലാശാല കാമ്പസിലേക്ക് പോലീസ് സുരക്ഷ ലംഘിച്ച് ഇരച്ചുകയറിയതിനെ തുടർന്ന് കേരള സർവകലാശാലയിൽ സംഘർഷം.
സർവകലാശാലയുടെ ചാൻസലർ കൂടിയായ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു സെമിനാറിൽ പങ്കെടുക്കുന്നതിനിടെയാണ് കനത്ത പൊലീസ് കാവൽ മറികടന്ന് ഗവർണർ പ്രസംഗിച്ച സെനറ്റ് ഹാളിൻ്റെ മുന്നിൽ വരെ കടന്നുകയറി എസ്എഫ്ഐക്കാർ മുദ്രാവാക്യം വിളിച്ചത്.
രണ്ടര വർഷത്തിന് ശേഷമാണ് സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർവകലാശാല ആസ്ഥാനത്തെത്തിയത്. ഗവർണർക്കെതിരെ പ്രതിഷേധമുണ്ടാകുമെന്ന് എസ്എഫ്ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം പ്രതീക്ഷിച്ചിരുന്നതിനാൽ രാവിലെ മുഴുവൻ സുരക്ഷ കർശനമാക്കിയിരുന്നു. സംസ്‌കൃത വകുപ്പാണ് സെമിനാർ സംഘടിപ്പിച്ചത്. രാവിലെ മുതൽ സർവകലാശാല ആസ്ഥാനത്ത് കനത്ത പൊലീസ് കാവൽ ഉണ്ടായിരുന്നു. 11.30ഓടെ ഗവർണർ യൂണിവേഴ്‌സിറ്റി ആസ്ഥാനത്തെത്തി. ഹാളിനുള്ളിൽ എസ്എഫ്ഐക്കാർ ഉണ്ടെന്ന നിഗമനത്തിൽ ഹാളിൻ്റെ വാതിലുകളും ജനലുകളും പൊലീസ് അടച്ചുപൂട്ടി. പോലീസ് ജാഗ്രത തുടരുന്നതിനിടെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് നൂറോളം എസ്എഫ്ഐ പ്രവർത്തകർ സർവകലാശാല ക്യാമ്പസിലേക്ക് പ്രവേശിക്കുകയായിരുന്നു. ജല പീരങ്കിയും മറ്റും പ്രയോഗിച്ച് സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രവർത്തകർ ഉറച്ചുനിന്നു.
ഗവർണർ ഉൾപ്പെട്ട പരിപാടികളിൽ സമാനമായ സംഭവങ്ങളെക്കുറിച്ച് കേരള രാജ്ഭവൻ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ സുരക്ഷാ വീഴ്ച പ്രത്യേകിച്ചും ആശങ്കാജനകമായിരുന്നു.
തുടർന്ന് പ്രതിഷേധക്കാർ സെനറ്റ് ഹാളിൻ്റെ പൂട്ടിയ കവാടങ്ങൾ ഉപരോധിച്ചത് പോലീസിൽ പരിഭ്രാന്തി സൃഷ്ടിച്ചു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെ കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ പോലീസിന് പിൻവാങ്ങേണ്ടി വന്നു.
ഒടുവിൽ, സർവകലാശാലയെ കാവിവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ഗവർണർക്കും വൈസ് ചാൻസലർക്കും എതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധക്കാർ സ്വയം കാമ്പസ് വിട്ടു. പിന്നാലെ പുറത്തിറങ്ങിയ ഗവർണർ സുരക്ഷാ വീഴ്‌ചയിൽ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചു.