വൃന്ദാവൻ: ബാങ്കെ ബിഹാരി ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തർ അവിടെ പോകുന്നതിന് മുമ്പ് ക്ഷേത്ര ഭരണത്തിൻ്റെ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് ക്ഷേത്ര ഭരണസമിതി. പൊതുജനങ്ങളുടെ അറിവിലേക്കായി റോഡിൽ പലയിടത്തും ബാനറുകളും പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ഇതിൽ ഇവിടെയെത്തുന്ന ഭക്തരോട് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
ലക്ഷക്കണക്കിന് ഭക്തരാണ് ബാങ്കെ ബിഹാരി ദർശനത്തിനായി ദിവസവും എത്തുന്നത്. വഴിയിലുടനീളം ബാനറുകൾ സ്ഥാപിച്ച് ക്ഷേത്ര ഭരണസമിതി ഭക്തരോട് മാന്യമായ വസ്ത്രം ധരിച്ച് ക്ഷേത്രത്തിനകത്ത് വരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊരു ടൂറിസ്റ്റ് സ്ഥലമല്ല, മതപരമായ സ്ഥലമാണെന്നാണ് ഭരണകൂടം പറയുന്നത്. അതിനാൽ ക്ഷേത്രത്തിലേക്കുള്ള വഴികളിലും തെരുവുകളിലും പോസ്റ്ററുകൾ പതിച്ച് ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.
എല്ലാ സ്ത്രീകളും പുരുഷന്മാരും മാന്യമായ വസ്ത്രം ധരിച്ച് ക്ഷേത്രത്തിൽ വരണമെന്ന വിനീതമായ അഭ്യർത്ഥനയാണ് പോസ്റ്ററിൽ ക്ഷേത്രഭരണസമിതി എഴുതിയിരിക്കുന്നത്. കുറിയ വസ്ത്രങ്ങൾ, ഹാഫ് പാൻ്റ്സ്, ബർമുഡ, മിനി സ്കർട്ട്, നൈറ്റ് സ്യൂട്ടുകൾ, കീറിയ ജീൻസ്, ലെതർ ബെൽറ്റുകൾ, മര്യാദയില്ലാത്ത വസ്ത്രങ്ങൾ എന്നിവ ധരിച്ച് വരരുതെന്നും അറിയിപ്പില്‍ പറയുന്നു.
രാജ്യത്തെ പല ക്ഷേത്രങ്ങളിലും നിബന്ധനകള്‍ നിലവിലുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഭക്തർ മാന്യമായ വസ്ത്രം ധരിച്ച് മാത്രമേ ക്ഷേത്രത്തിൽ വരാവൂ എന്നാണ് ഇപ്പോൾ ഊന്നിപ്പറയുന്നത്. പുരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രത്തിലും തിരുപ്പതി ബാലാജി ഉൾപ്പെടെ രാജ്യത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഈ നിയമം പിന്തുടരുന്നുണ്ട്.