ബോബി ചെമ്മണ്ണൂര്‍ വയനാട്ടില്‍ നടത്താനിരുന്ന പുതുവത്സര പാര്‍ട്ടി ഹൈക്കോടതി തടഞ്ഞു

വയനാട്: ബോബി ചെമ്മണ്ണൂര്‍ വയനാട്ടില്‍ വെച്ച് നടത്താനിരുന്ന ‘ബോച്ചെ സണ്‍ഡേ ന്യൂ ഇയര്‍ പാര്‍ട്ടി’ ഹൈക്കോടതി ഇടപെട്ട് തടഞ്ഞു. മേപ്പാടിയിലാണ് ‘ബോച്ചെ 1000 ഏക്കര്‍’ എന്ന സ്ഥലത്ത് ബോബി ചെമ്മണ്ണൂര്‍ സണ്‍ബേണ്‍ ന്യൂഇയര്‍ പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, പ്രദേശവാസികളുടെ പരാതിയില്‍ കേസെടുത്തതിനെത്തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്.

ഈ വർഷം കേരളം ഏറ്റവും രൂക്ഷമായ ഉരുൾപൊട്ടൽ നേരിട്ട പ്രദേശത്തിനടുത്താണ് ബോച്ചെ പരിപാടി നടക്കേണ്ടിയിരുന്നത്. പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഒരു ന്യൂ ഇയർ പാർട്ടി ആയിരുന്നു അത്. എന്നാൽ സംഭവം അപകടകരമാണെന്നും ക്രമസമാധാനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കലക്ടർ ഇന്നലെ പരിപാടി നിർത്തിവെക്കാൻ ഉത്തരവിടുകയായിരുന്നു.

ഇക്കാര്യം സ്‌പെഷ്യല്‍ ഗവ പ്ലീഡര്‍ കോടതിയെ അറിയിച്ചു. പരിപാടികള്‍ നടത്താന്‍ അനുമതി ഇല്ലെന്നും ഇതില്‍ പറയുന്നുണ്ട്.

പരിപാടിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് പഞ്ചായത്തും കോടതിയെ അറിയിച്ചു. ദുരന്തസാധ്യത കണക്കിലെടുത്ത് നിരോധന ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍, പൊലീസ്, പഞ്ചായത്ത് എന്നിവര്‍ക്ക് ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ഇടക്കാല ഉത്തരവ് നല്‍കി. നിയമപ്രകാരമുള്ള അനുമതികള്‍ നേടാതെ പരിപാടി നടത്താനാകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ പറഞ്ഞു. പരിപാടി നടത്താന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അനുവദിച്ചിട്ടുണ്ട് എന്ന വാദം കോടതി അംഗീകരിച്ചില്ല.

Print Friendly, PDF & Email

Leave a Comment

More News