എറണാകുളം: കോതമംഗലത്ത് രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ആറ് വയസുകാരി മുസ്‌കാൻ്റെ ഖബറടക്കം കോതമംഗലം കമ്പനിപ്പടി നെല്ലിമുട്ടം ജുമാമസ്ജിദിൽ നടന്നു. താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന കുട്ടിയുടെ മൃതദേഹം പിതാവ് അജാസ് ഖാൻ ഏറ്റുവാങ്ങി തുടർനടപടികൾ പൂർത്തിയാക്കി സംസ്‌കാരം നടത്തി.
കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. രണ്ട് ദിവസം മുമ്പാണ് രണ്ടാനമ്മ അനീഷ ആറ് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നറിയാന്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയായ ആറ് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രത്രി ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ വിളിച്ചിട്ടും എഴുന്നേറ്റില്ല എന്നായിരുന്നു മാതാപിതാക്കള്‍ ആദ്യം പറഞ്ഞത്. എന്നാല്‍, ഇന്‍ക്വസ്റ്റ് വേളയില്‍ കുട്ടിയുടെ മുഖത്ത് പാടുകള്‍ കണ്ടിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തി.
ഇതോടെ കൊലപാതകമെന്ന നിഗമനത്തിലേക്ക് പോലീസ് എത്തി. ഇതിന് പിന്നാലെ, കുട്ടിയുടെ പിതാവ് അജാസ് ഖാനെയും രണ്ടാമ്മയെയും പോലീസ് കസ്റ്റഡിയിലടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് രണ്ടാനമ്മ കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് അനീഷയുടെ അറസ്റ്റ് രേഖപ്പെടുത്തി. തെളിവെടുപ്പിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.