എടത്വ: പ്രൊഫ. ജിം ജേക്കബ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബാള്‍ ടൂർണമെന്റായ ആവേശം 2024 മാന്നാർ ലയൺസ് ക്ലബ് ജേതാക്കളായി. ഡിസ്ട്രിക്ട് 318ബി വിഡിജി വിന്നി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു, ഡിസ്ട്രിക്ട് സ്പോർട്സ് ചെയർമാൻ കെ ആർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. എടത്വ എസ് ഐ എൻ രാജേഷ് കിക്കോഫ് ചെയ്തു. ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, റീജിയൻ ചെയർമാൻ ജേക്കബ് ടി നീണ്ടിശ്ശേരി, എലൈറ്റ് ക്ലബ് പ്രസിഡന്റ് തോമസ് ജോര്‍ജ്, ജോസഫ് ചുടുകാട്ടിൽ ടെഡി സക്കറിയ, ഫിലിപ്പ് ജോർജ് , ബിജു കുഴിവേലിൽ, വിനീഷ് കുമാർഎന്നിവർ നേതൃത്വം നല്കി. ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ സമ്മാന ദാനം നിർവഹിച്ചു.
ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസ് 2025 ഷെഫ് ഡി മിഷന്‍ അംബാസിഡർ ആയി നാമനിർദ്ദേശം ചെയ്യപ്പെട്ട അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ ഡിസ്ട്രിക്ട് 318ബി വിഡിജി വിന്നി ഫിലിപ്പ് അനുമോദിച്ചു. സോൺ ചെയർമാൻ എംജെഎഫ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. ജോൺസൺ വി ഇടിക്കുള, സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, അംഗങ്ങളായ ജിജി മാത്യൂ ചുടുക്കാട്ടിൽ ,അരുൺ ലൂക്കോസ്,സുനിൽ പെരുംപള്ളിൽ എന്നിവർ പങ്കെടുത്തു.
നിലവിൽ കേരള ഒളിമ്പിക് അസോസിയേഷൻ ജോ. സെക്രട്ടറിയാണ്.ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ ദേശീയ തലത്തിൽ 75 സ്വർണവും അന്താരാഷ്ട്ര തലത്തിൽ 40 മികച്ച ഫിനിഷുകളും നേടിയിട്ടുണ്ട്. എടത്വ സെൻ്റ് അലോഷ്യസ് കോളജ് പൂർവ്വ വിദ്യാർത്ഥി കൂടിയായ ഇദ്ദേഹം 1993, 1997, 1999 എന്നീ വർഷങ്ങളിൽ ബെസ്റ്റ് സ്പോർട്സ്മാൻ അവാർഡ് പ്രധാനമന്ത്രിയിൽ നിന്നും സ്വീകരിച്ചിട്ടുണ്ട്.1989 മുതൽ 2000 വരെ തുടർച്ചയായി തെക്കെ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ നീന്തൽ താരം ആയിരുന്നു.
1998 മുതൽ 2009 വരെ 11 വർഷം 50 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ ദേശീയ റെക്കോർഡ് ഇദ്ദേഹത്തിന്റെ പേരിലായിരുന്നു. 22.89 സെക്കന്റുമായിരുന്നു ഇദ്ദേഹത്തിന്റെ റെക്കോർഡ് സമയം.1996 ൽ അറ്റ്ലാൻ്റയിലും 1990 മുതൽ തുടർച്ചയായി മൂന്ന് ഏഷ്യൻ ഗെയിംസുകളിലും പങ്കെടുത്ത ഒളിമ്പ്യനായ സേവ്യർ നിലവിൽ ഇന്ത്യൻ റെയിൽവേയിലെ സീനിയർ സ്പോർട്സ് ഓഫീസറാണ്. രാഷ്ട്രപതിയിൽ നിന്നും അർജുന അവാർഡ് കരസ്ഥമാക്കി.സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസിൽ 23 സ്വർണ്ണവും 1989 മുതൽ 2003 വരെ ഓൾ ഇന്ത്യ റെയിൽവെ ചാമ്പ്യൻഷിപ്പിൽ 83 സ്വർണ്ണവും കൂടാതെ നിരവധി പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്.അന്തർദ്ദേശിയ അത്-ലറ്റ് താരം മോളി ചാക്കോയാണ് ഭാര്യ.