ന്യൂഡൽഹി: 20 വർഷമായി വേർപിരിഞ്ഞ ദമ്പതികളുടെ വിവാഹമോചനത്തിന് സുപ്രീം കോടതി അംഗീകാരം നൽകി. പരസ്പര വിശ്വാസവും പങ്കുവെച്ച അനുഭവങ്ങളും ബഹുമാനവുമാണ് വിവാഹ ബന്ധമെന്നും, ദീർഘകാലത്തേക്ക് ഈ കാര്യങ്ങൾ നടന്നില്ലെങ്കിൽ വിവാഹം കടലാസിൽ മാത്രം അവശേഷിക്കുമെന്നും കോടതി വ്യക്തമാക്കി. പിരിമുറുക്കവും തർക്കവുമല്ല, ഇരുവരുടെയും സന്തോഷവും ബഹുമാനവുമാണ് വിവാഹത്തിൻ്റെ ലക്ഷ്യമെന്നും കോടതി പറഞ്ഞു.
20 വർഷമായി വേർപിരിഞ്ഞ് താമസിക്കുന്ന സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ദമ്പതികളുടെ വിവാഹമോചനത്തിന് ഉത്തരവിട്ട മദ്രാസ് ഹൈക്കോടതിയുടെ വിധി ശരിവെച്ചാണ് സുപ്രീം കോടതി ഈ അഭിപ്രായപ്രകടനം നടത്തിയത്. വിവാഹമോചനം അനുവദിക്കുന്നതിനിടെ ഭാര്യക്ക് 50 ലക്ഷം രൂപ ജീവനാംശം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. അതോടൊപ്പം മകളുടെ വിദ്യാഭ്യാസത്തിനും ഭാവി ചെലവുകൾക്കുമായി 50 ലക്ഷം രൂപ നൽകാനും ഉത്തരവായി. നാല് മാസത്തിനകം ഈ തുക ഭർത്താവ് നൽകണം.
ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം നന്നാക്കാൻ പറ്റാത്ത വിധം വഷളായാല്‍ ആ ദാമ്പത്യം തകർന്നു എന്നതിൻ്റെ തെളിവാണ് നാളുകളായി നടക്കുന്ന വഴക്കുകൾ. 20 വർഷമായിട്ടും ഭാര്യ മാതൃവീട്ടിൽ നിന്ന് മടങ്ങിവരാത്തതിനെ തുടർന്നാണ് ഭർത്താവ് വിവാഹമോചനം തേടിയത്. 2002 ജൂൺ 30 നാണ് ദമ്പതികൾ വിവാഹിതരായത്.
2003 ൽ അവർക്ക് മകൾ ജനിച്ചു. മകൾ ജനിച്ചശേഷം മാതൃവീട്ടിൽ പോയ ഭാര്യ തിരിച്ചെത്തിയില്ല. അന്നുമുതൽ ഭാര്യയും ഭർത്താവും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഭാര്യ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയും ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി നൽകുകയും മാനസികവും വൈകാരികവുമായ ആഘാതമുണ്ടാക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. ഈ വിവാഹമോചനത്തെ ഭാര്യ എതിർത്തിരുന്നുവെങ്കിലും കോടതി അവരുടെ വാദങ്ങൾ നിരസിക്കുകയും വിവാഹമോചനത്തിനുള്ള ആവശ്യം അംഗീകരിക്കുകയും ചെയ്തു.