ശാസ്താംകോട്ട: ശരീര ശ്രവങ്ങളിലൂടെ പടർന്നു കരളിനെ ഗുരുതരമായ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് ബി രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ ക്ഷാമം പരിഹരിക്കാനുള്ള അടിയന്തര നടപടി കേന്ദ്ര-കേരള സർക്കാറുകൾ സ്വീകരിക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ (കെപിപിഎ) കൊല്ലം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
വാക്സിൻ ക്ഷാമം രൂക്ഷമാണ്. നവജാത ശിശുക്കൾക്ക് ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വളരെ പ്രധാനപ്പെട്ടതാണ് ആരോഗ്യ പ്രവർത്തകർ എംബിബിഎസ് നഴ്സിംഗ് വിദ്യാർഥികൾ തുടങ്ങിയവർക്കും നിർബന്ധമായും ഈ പ്രതിരോധ കുത്തിവെപ്പ് എടുക്കണം. ചില വിദേശ രാജ്യങ്ങളിൽ പഠനത്തിനും ജോലിക്കുമായി പോകുന്നവർക്കും നിർബന്ധമാണ്. വില വർദ്ധിപ്പിക്കുന്നതിനുള്ള മരുന്ന് കമ്പനികളുടെ തന്ത്രത്തിന്റെ ഭാഗമായി കൃത്രിമ ക്ഷാമം സൃഷ്ടിക്കാൻ ആണോ ഇതിൻറെ പിന്നിലുള്ളതെന്ന് സംശയിക്കുന്നു. എത്രയും പെട്ടെന്ന് തന്നെ വാക്സിൻ ക്ഷാമം പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് കെപിപിഎ ആവശ്യപ്പെട്ടു.
കെപിപിഎ സംസ്ഥാന സെക്രട്ടറി കെ വി പങ്കജാക്ഷൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ആർ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി സംസ്ഥാന കമ്മിറ്റി അംഗമായ പ്രാക്കുളം സുരേഷ്, അഭിലാഷ് ജി കുറുപ്പ്, അനില ശങ്കർ, രാഘവൻ കെ, രമാദേവി എൻ, സംസ്ഥാന ഫാർമസി കൗൺസിൽ അംഗം ജാസ്മി മോൾ എസ് കെ സോമലാൽ ഷാജി, മിറോഷ് കോട്ടപ്പുറം, സജീവ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി ഹാരിസ് എസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ജീവൻ രക്ഷാ മരുന്നുകളുടെ നികുതികൾ പിൻവലിക്കുക, സ്വകാര്യ മേഖലയിലെ ഫാർമസ്റ്റുകൾക്ക് പ്രത്യേകമായി പെൻഷൻ പദ്ധതി ഏർപ്പെടുത്തുക, ഫാർമസി കൗൺസിൽ സേവനങ്ങൾ ഫാർമസിസ്റ്റുകൾക്ക് ലഭ്യമാക്കാനുള്ള കാലതാമസം പരിഹരിക്കുക ഓൺലൈൻ ഔഷധവ്യാപാരം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സമ്മേളനപ്രമയം അവതരിപ്പിച്ചു.
ഭാരവാഹികൾ
കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനത്തിൽ അനില ശങ്കർ (പ്രസിഡൻറ്) മുഹമ്മദ് മിറോഷ് ഇ കോട്ടപ്പുറം (സെക്രട്ടറി) ജേക്കബ് അലക്സ് (വൈസ് പ്രസിഡൻറ് ) സജീവ് എസ് (ജോയിൻ സെക്രട്ടറി) രമാദേവി. എൻ(ട്രഷറർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.