പാക്കിസ്ഥാൻ്റെ പുരോഗതി കറാച്ചിയുടെ വികസനവുമായി ബന്ധപ്പെട്ടിരിക്കുന്നു: ബിലാവൽ ഭൂട്ടോ

കറാച്ചി: രാജ്യത്തിൻ്റെ പുരോഗതിക്ക് കറാച്ചിയുടെ വികസനം അനിവാര്യമാണെന്ന് പാക്കിസ്താന്‍ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു. ആസിഫ് അലി സർദാരി ആദ്യമായി പാക്കിസ്താന്‍ പ്രസിഡൻ്റായപ്പോൾ കറാച്ചിക്ക് ധാരാളം വിഭവങ്ങൾ നൽകിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഖയ്യൂമാബാദ് മുതൽ ഷാ ഫൈസൽ ഇൻ്റർചേഞ്ച് വരെയുള്ള 9.1 കിലോമീറ്റർ ദൈർഘ്യമുള്ള ഷഹ്‌റ ഇ ഷഹീദ് സുൽഫിക്കർ അലി ഭൂട്ടോയുടെ ആദ്യഘട്ടം ശനിയാഴ്ച പിപിപി ചെയർമാൻ ഉദ്ഘാടനം ചെയ്തു.

കറാച്ചിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും അവിടത്തെ ജനങ്ങൾക്ക് തൊഴിൽ നൽകുന്നതിലും സുൽഫിക്കർ അലി ഭൂട്ടോ ഒരു പ്രധാന പങ്ക് വഹിച്ചതായി ബിലാവൽ പറഞ്ഞു.

കഴിഞ്ഞ മൂന്ന് തലമുറകളായി കറാച്ചിയുടെ വികസനത്തിൽ തൻ്റെ കുടുംബം സംഭാവന ചെയ്യുന്നുണ്ടെന്ന് പിപിപി ചെയർമാൻ പറഞ്ഞു. കറാച്ചിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ബേനസീർ ഭൂട്ടോ എപ്പോഴും ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കാനും കറാച്ചിയെ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കാനും പദ്ധതിയിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഫെഡറൽ ഗവൺമെൻ്റ് സിന്ധിൻ്റെ അർഹമായ അവകാശങ്ങൾ നൽകുന്നില്ലെന്നും അതിനാൽ കറാച്ചിയിൽ പൊതു-സ്വകാര്യ പങ്കാളിത്തമാണ് അവർ തിരഞ്ഞെടുത്തതെന്നും ബിലാവല്‍ പറഞ്ഞു.

വ്യാപാരികൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആസിഫ് അലി സർദാരിക്ക് അറിയാമെന്നും അവർക്ക് ആശ്വാസം നൽകാൻ അദ്ദേഹം എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News