എടത്വ: വരും തലമുറയെ ദൈവീക പദ്ധതിക്കായി സജ്ജമാക്കേണ്ടതായ ഉത്തരവാദിത്വവും നീതി ബോധവും വിശ്വാസ സമൂഹത്തിന് ഉണ്ടാകണമെന്ന് സിഎസ്ഐ മദ്ധ്യ കേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ പ്രസ്താവിച്ചു. തലവടി ചുട്ടുമാലി സെന്റ് തോമസ് സിഎസ്ഐ ദൈവാലയത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നിർവഹിച്ച് സംസാരി ക്കുകയായിരുന്നു ബിഷപ്പ്. ദൈവാലയങ്ങൾ ആശ്വാസ കേന്ദ്രങ്ങളാണെന്നും വിശ്വാസ സമൂഹം ദൈവത്തിന്റെ മന്ദിരങ്ങളായി സമൂഹത്തിന് സൗരഭ്യവാസനയുള്ളവരായി തീരണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.
പ്രതിഷ്ഠ ശുശൂഷയ്ക്ക് ശേഷം കുർബാന അർപ്പിച്ചു. ഇടവക വികാരി റവ. മാത്യൂ ജിലോ നൈനാൻ, റവ. മാത്യു പി. ജോർജ് , റവ. ഷെറി തോമസ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു.1867ൽ സ്ഥാപിതമായ ദൈവാലയം 1998 ജനുവരി 22ന് ബിഷപ്പ് ഡോ. സാം മാത്യു ആണ് മദ്ബഹാ പ്രതിഷ്ഠിച്ചത്. തലവടി കുന്തിരിയ്ക്കൽ സെന്റ് തോമസ് സി.എസ് ഐ ഇടവകയുടെ അഞ്ച് ഉപസഭകളിൽ ഒന്നായ ഈ ദൈവാലയം വീണ്ടും പുതുക്കി പണിതതിന് ശേഷം സെന്റ് തോമസിന്റെ നാമത്തിൽ ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത് . ചെക്കിടികാട്, വാടയ്ക്കൽ , കോയിൽമുക്ക്, കളങ്ങര എന്നിവിടങ്ങളിലെ മറ്റ് ഉപസഭകളിൽ നിന്നും സുവിശേഷകരും വിശ്വാസികളും പങ്കെടുത്തു. മുൻ സുവിശേഷകരെ ബിഷപ്പ് ഡോ മലയിൽ സാബു കോശി ചെറിയാൻ ആദരിച്ചു. റോയി ജോർജിന്റെ നേതൃത്വത്തിൽ ഉള്ള ക്വയർ ഗാനങ്ങൾ ആലപിച്ചു.
ഇന്ന് മുതൽ 18വരെ ബൈബിൾ കൺവൻഷൻ നടക്കും. ഇടവക വികാരി റവ. മാത്യൂ ജിലോ നൈനാൻ ഉദ്ഘാടനം ചെയ്യും. റവ. ചാർലി ജോൺസ്, സുവി. ജയിംസ് പോൾ, റവ. റെജി പി ജോസഫ് എന്നിവർ പ്രസംഗിക്കും. എല്ലാ ദിവസവും വൈകിട്ട് 6.30ന് സംഗീത ശുശ്രൂഷ ആരംഭിക്കുമെന്ന് സഭാ ശുശ്രൂഷകൻ സുവി. ഡെന്നി ദാനിയേല്‍ , കൈക്കാരൻ ജോർജ്ജ് തോമസ് എന്നിവര്‍ അറിയിച്ചു.