
കോഴിക്കോട് : നിർമ്മിത ബുദ്ധിയുടെ പുതിയ കാലത്ത് സ്റ്റാറ്റിസ്റ്റിക്സിലും ഡാറ്റ സയൻസിലും ഗവേഷണ സാധ്യതകൾ ഏറെയാണെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഭാഷാവിഭാഗം ഡീനും സിജി പ്രസിഡണ്ടുമായ ഡോ. എ. ബി മൊയ്‌ദീൻ കുട്ടി അഭിപ്രായപ്പെട്ടു.
മലബാർ സൊസൈറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡാറ്റാ സയൻസ് സംഘടിപ്പിച്ച റിസർച്ച് ഓറിയൻ്റേഷൻ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോപ്പുലേഷൻ സ്റ്റഡീസിൽ യുജിസി നെറ്റ് ക്വാളിഫൈ ചെയ്യിപ്പിക്കാൻ മലബാർ സൊസൈറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡാറ്റ സയൻസ് നടത്തിയ ശ്രമങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഡിസംബറിൽ നടന്ന പരീക്ഷയിൽ പോപ്പുലേഷൻ സ്റ്റഡീസ് യുജിസി നെറ്റ് ക്വാളിഫൈ ചെയ്ത ഇരുപത്തിയാറ് വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.
വയനാട് ഡബ്ലിയു എം ഒ കോളേജ് മുൻ പ്രിൻസിപ്പലും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. ടി പി എം ഫരീദ് ആക്ച്ചൂറിയൽ സ്റ്റാറ്റിസ്റ്റിക്സ് മേഖലയിലെ ഗവേഷണ-ജോലി സാധ്യതകളെക്കുറിച്ച് പ്രഭാഷണം നടത്തി.
മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. മുഹമ്മദ് കെ.വി വിവിധ ഗവേഷണ അവസരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഓറിയൻ്റേഷന് നേതൃത്വം നൽകി. ഫാറൂഖ് ട്രെയിനിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. റിഷാദ് കെ. അധ്യക്ഷത വഹിച്ച പരിപാടിയിൽ മലബാർ എജ്യൂക്കേഷൻ മൂവ്മെൻ്റ് ജനറൽ സെക്രട്ടറി അക്ഷയ് കുമാർ ഒ, കബീർ പി, ആൻമരിയ ജോസഫ് എന്നിവർ സംസാരിച്ചു.