ചിക്കാഗോ: ചിക്കാഗോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ വിമാനം റൺവേയിൽ ഇറങ്ങുകയായിരുന്ന അതേ സമയത്തു തന്നെ മറുവശത്ത് നിന്ന് ഒരു ജെറ്റ് അതേ റണ്‍വേയിലേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു.
സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിന്റെ പൈലറ്റ് റൺവേയിൽ ജെറ്റ് നീങ്ങുന്നത് കണ്ടയുടനെ, വിമാനം ലാൻഡ് ചെയ്യുന്നതിനുപകരം ആകാശത്തേക്ക് തിരികെ പറന്നുയരാൻ തീരുമാനിച്ചു. പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ അപകടം ഒഴിവായി. വിമാനം വീണ്ടും ആകാശത്തേക്ക് പറന്നപ്പോൾ കുറച്ചു നേരത്തേക്ക് വിമാനത്തിലെ യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തി.
“സൗത്ത്വെസ്റ്റ് ഫ്ലൈറ്റ് 2504 സുരക്ഷിതമായി ലാൻഡ് ചെയ്തു,” ഒരു എയർലൈൻ വക്താവ് ഇമെയിലിൽ പറഞ്ഞു. മറ്റൊരു വിമാനം റൺവേയ്ക്ക് സമീപം എത്തിയതിനെത്തുടർന്ന് സാധ്യമായ കൂട്ടിയിടി ഒഴിവാക്കാൻ മുൻകരുതലായി പൈലറ്റ് വിമാനം വിണ്ടും ആകാശത്തേക്ക് ഉയര്‍ത്തി. ജീവനക്കാർ സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ചതിനാൽ വിമാനം യാതൊരു അപകടവും കൂടാതെ ലാൻഡ് ചെയ്തതായി വക്താവ് പറഞ്ഞു.
അമേരിക്കയിൽ അടുത്തിടെ നിരവധി വിമാനാപകടങ്ങൾ നടന്നിട്ടുണ്ട്. ഫെബ്രുവരി 6-ന് അലാസ്കയിൽ ഒരു യാത്രാ വിമാനം തകർന്ന് 10 പേരുടെ മരണത്തിനിടയാക്കിയ സംഭവവും ഇതിൽ ഉൾപ്പെടുന്നു. ജനുവരി 26 ന് വാഷിംഗ്ടണിലെ റൊണാൾഡ് റീഗൻ വിമാനത്താവളത്തിൽ ഒരു ആർമി ഹെലികോപ്റ്ററും അമേരിക്കൻ എയർലൈൻസ് വിമാനവും കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെട്ടു.