മലയാളി അസ്സോസിയേഷന്‍ ഓഫ് ടാമ്പായുടെ 2025 കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനത്തിന് പത്തര മാറ്റിന്റെ തിളക്കം

ടാമ്പാ: പ്രൗഢഗംഭീരമായ ഒരു നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി, മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ (MAT) 2025-ലെ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തപ്പെട്ടു. സമയബന്ധിതമായി, കൃത്യനിഷ്ഠയോടെ നടത്തപ്പെട്ട ഈ പരിപാടിയില്‍ സംഘാടകരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു വമ്പിച്ച ജനപങ്കാളിത്തം ഉണ്ടായത് പ്രസിഡന്റ് ജോണ്‍ കല്ലോലിക്കലിനും മറ്റു ഭാരവാഹികള്‍ക്കും അഭിമാനമുഹൂര്‍ത്തമായി.

അമേരിക്കന്‍/ഇന്ത്യന്‍ ദേശീയ ഗാനാലാപനത്തിനു ശേഷം പ്രസിഡണ്ട് ജോണ്‍ കല്ലോലിക്കല്‍ വിശിഷ്ടാതിഥികളേയും സദസ്സിനേയും സ്വാഗതം ചെയ്തുകൊണ്ട് ആമുഖ പ്രസംഗം നടത്തി.

ഈ സംരംഭം വിജയപ്രദമാക്കുവാന്‍ അഹോരാത്രം പരിശ്രമിച്ച പ്രവര്‍ത്തകരേയും അകമഴിഞ്ഞ സാമ്പത്തിക സഹായം നല്‍കിയ സ്പോണ്‍സര്‍മാരെയും പേരെടുത്തു പറഞ്ഞുകൊണ്ട് അദ്ദേഹം നന്ദി അറിയിച്ചു.

മുഖ്യാതിഥി ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്‍റണി, ഫോമാ സണ്‍ഷൈന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ജോമോന്‍ ആന്‍റണി, ഫൊക്കാന ഫ്ളോറിഡ റീജിയണല്‍ വൈസ് പ്രസിഡന്റ് ലിന്‍റോ ജോളി, MAT പ്രസിഡന്റ് ജോണ്‍ കല്ലോലിക്കല്‍, സെക്രട്ടറി അനഘ ഹാരീഷ്, ട്രഷറര്‍ ബാബു പോള്‍, മറ്റു ഭാരവാഹികള്‍, വിശിഷ്ടാതിഥികള്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തിയതോടെ പൊതുസമ്മേളനത്തിനു തുടക്കമായി.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍ ജോസ്മോന്‍ തത്തംകുളം പുതുതായി സ്ഥാനമേല്‍ക്കുന്ന ഭരണസമിതി അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

സജിമോന്‍ ആന്‍റണി നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍, ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ത്തന്നെ പ്രവാസികള്‍ക്ക് ഉപകാരപ്പെടുന്ന പല പദ്ധതികളും കേരള സര്‍ക്കാരിന്‍റെ സഹകരണത്തോടെ നടപ്പിലാക്കുവാന്‍ കഴിഞ്ഞത് ഒരു വലിയ നേട്ടമായി എന്ന് പ്രസ്താവിച്ചു.

അസ്സോസിയേഷന്റെ എല്ലാ മുന്‍ പ്രസിഡന്റുമാരെയും മെമന്‍റോ നല്‍കി ആദരിച്ചു.

ഫോമാ സണ്‍ഷൈന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ജോമോന്‍ ആന്‍റണി, ഫൊക്കാന ഫ്ളോറിഡ റീജിയണല്‍ വൈസ് പ്രസിഡന്റ് ലിന്‍റോ ജോളി തുടങ്ങിയവര്‍ ആശംസാ സന്ദേശങ്ങള്‍ നല്‍കി.

പൊതുസമ്മേളനത്തിനുശേഷം കലാപരിപാടികള്‍ക്കു തുടക്കമായി. പ്രൊഫഷണല്‍ ഗ്രൂപ്പുകളോടു കിടപിടിക്കത്തക്ക മികവാര്‍ന്ന രംഗസജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഇടവേളകളില്ലാതെ അരങ്ങേറിയ ക്ലാസിക്കല്‍, സിനിമാറ്റിക് നൃത്തച്ചുവടുകളും മാസ്മരിക സംഗീതവും കൂടാതെ കുട്ടികളുടെയും വനിതകളുടെയും ഫാഷന്‍ ഷോ, ഒപ്പന നൃത്തം തുടങ്ങിയവ കാണികളുടെ കണ്ണും കരളും കവര്‍ന്നു. എഴുപത്തിയഞ്ചില്‍പ്പരം കൊച്ചുകുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചത് കൗതുകകരവും അഭിമാനകരവുമായി.

സെക്രട്ടറി അനഘ നായര്‍ നന്ദിപ്രകാശനം നടത്തി. ജോമോന്‍ ജോണ്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായി പ്രവര്‍ത്തിച്ചു.  വിഭവ സമൃദ്ധമായ അത്താഴ വിരുന്നോടു കൂടി ആഘോഷപരിപാടികള്‍ പൂര്‍ണ്ണമായി.

Print Friendly, PDF & Email

Leave a Comment

More News