തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. ആരോഗ്യവകുപ്പ് ജില്ലകൾക്ക് ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപനില ഉയരുന്നത് മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ ഒഴിവാക്കാൻ സ്വയം സംരക്ഷണം പ്രധാനമാണ്.
രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതരമായ രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് സൂര്യ പ്രകാശത്തിൽ ജോലി ചെയ്യുന്നവർ രാവിലെയും വൈകുന്നേരവുമായി ബന്ധപ്പെട്ട് ജോലി സമയം ക്രമീകരിക്കണം. ശരീരത്തിൽ നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടുന്നത് മൂലം നിർജ്ജലീകരണം സംഭവിക്കാം എന്നതിനാൽ, ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.
പകൽ സമയത്തോ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുമ്പോഴോ മാത്രമല്ല നിർജ്ജലീകരണം, സൂര്യതാപം, സൂര്യാഘാതം എന്നിവ ഉണ്ടാകുന്നത്. പ്രായമായവർക്കും രോഗികൾക്കും വീടിനുള്ളിൽ പോലും ഇത് സംഭവിക്കാം. അതിനാൽ, ജലാംശം ഉറപ്പാക്കാൻ, അത്തരം ആളുകൾക്ക് ധാരാളം ഉപ്പിട്ട കഞ്ഞി, മോര്, നാരങ്ങാവെള്ളം മുതലായവ നൽകണം. പ്രായമായവരും രോഗികളും കിടപ്പിലായവരും കിടക്കുന്നിടത്ത് വായുസഞ്ചാരം ഉറപ്പാക്കണം. സൂര്യാഘാതം മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും ബാധിക്കുമെന്നതിനാൽ, വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും വെള്ളം ഉറപ്പാക്കണം. അമിതമായി മധുരമുള്ളതും കാർബൺ ഡൈ ഓക്സൈഡ് അടങ്ങിയതുമായ വിവിധ തരം പാനീയങ്ങൾ ജാഗ്രതയോടെ ഉപയോഗിക്കുക. ഇവ നിർജ്ജലീകരണത്തിന് കാരണമാകും. മദ്യം നിർജ്ജലീകരണത്തിന് കാരണമാകുമെന്നതിനാൽ ശ്രദ്ധിക്കുക.
ചൂട് കുരു, പേശി വലിവ്, ചര്‍മ്മ രോഗങ്ങൾ, വയറിളക്ക രോഗങ്ങൾ, നേത്ര രോഗങ്ങൾ, ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. അതുപോലെ തുടര്‍ച്ചയായി വെയിലേറ്റാൽ സൂര്യാഘാതമോ, സൂര്യതാപമോ ഉണ്ടാകാനിടയുണ്ട്. പൊള്ളല്‍, ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദിയും, അസാധരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രം കടും നിറത്തിലാവുക, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ബോധക്ഷയം എന്നിവ ഉണ്ടായാല്‍ ശ്രദ്ധിക്കണം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവര്‍ തണലിൽ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. കട്ടികൂടിയതോ ചൂട് വര്‍ധിപ്പിക്കുന്നതോ ആയ വസ്ത്രങ്ങൾ ഒഴിവാക്കുക.
പി ആര് ഡി, കേരള സര്‍ക്കാര്‍