വാഷിംഗ്ടണ്‍: ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം അമേരിക്കയിൽ നിരവധി മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യം കുടിയേറ്റക്കാരോട് അമേരിക്ക കർശനത പാലിച്ചു, ഇനി അദ്ദേഹത്തിന്റെ കോപം ഗ്രീൻ കാർഡ് ഉടമകള്‍ക്കു നേരെയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഗ്രീൻ കാർഡ് ഉടമകൾ നിയമവിരുദ്ധ കുടിയേറ്റക്കാരല്ലെങ്കിലും ട്രംപിന് അവരെ പുറത്താക്കാൻ കഴിയും. വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞതാകട്ടേ ഏകദേശം 50,000 ഇന്ത്യക്കാരെ അത് ബാധിച്ചേക്കാമെന്നാണ്.
“ഗ്രീൻ കാർഡ് ഉടമകൾക്ക് അമേരിക്കയിൽ തുടരാൻ അനിശ്ചിതകാല അവകാശമില്ല” എന്നാണ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഗ്രീൻ കാർഡ് ഉടമകൾക്ക് ഒരു സന്ദേശത്തിലൂടെ വിവരം നല്‍കിയത്. “ഇത് അടിസ്ഥാനപരമായി ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചല്ല. ഇത് ദേശീയ സുരക്ഷയെക്കുറിച്ചാണ്. എന്നാൽ അതിലും പ്രധാനമായി, അമേരിക്കൻ പൗരന്മാരായ
ഞങ്ങള്‍ക്ക് ദേശീയ സമൂഹത്തിൽ ആരെ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കാം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയില്‍ ഏകദേശം 12.7 ദശലക്ഷം ഗ്രീൻ കാർഡ് ഉടമകളുണ്ട്, ഇതിൽ ഏകദേശം 2.8 ദശലക്ഷം ഇന്ത്യക്കാരാണ്. അമേരിക്കയിൽ ഗ്രീൻ കാർഡ് ലഭിക്കുന്ന രണ്ടാമത്തെ വലിയ സമൂഹമാണ് ഇന്ത്യൻ വംശജർ. 2024 ൽ തന്നെ ഏകദേശം 50,000 ഇന്ത്യക്കാർക്ക് ഗ്രീൻ കാർഡ് ലഭിച്ചു.
പെർമനന്റ് റെസിഡന്റ് കാർഡ് എന്നും അറിയപ്പെടുന്ന ഗ്രീൻ കാർഡ്, യുഎസ് പൗരന്മാരല്ലാത്തവർക്ക് അമേരിക്കയില്‍ സ്ഥിരമായി താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ഒരു രേഖയാണ്. ഇത് I-551 അല്ലെങ്കിൽ ഏലിയൻ രജിസ്ട്രേഷൻ കാർഡ് എന്നും അറിയപ്പെടുന്നു. ഗ്രീൻ കാർഡ് ഉടമകൾക്ക് പിന്നീട് യുഎസ് പൗരത്വത്തിനും അപേക്ഷിക്കാം. എന്നാൽ, ജെഡി വാൻസിന്റെ പ്രസ്താവന അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്നവരെ ഞെട്ടിച്ചിരിക്കുകയാണ്. റെസിഡൻസി ആജീവനാന്ത ഗ്യാരണ്ടിയല്ലെന്ന് വാൻസ് ഊന്നിപ്പറഞ്ഞു. പ്രസിഡന്റും സ്റ്റേറ്റ് സെക്രട്ടറിയും ഗ്രീന്‍ കാര്‍ഡുള്ളവര്‍ ഇനി ഇവിടെ ഉണ്ടാകരുതെന്ന് തീരുമാനിച്ചാൽ, “അവർക്ക് ഇവിടെ ഉണ്ടായിരിക്കാൻ നിയമപരമായ അവകാശമില്ല” എന്ന് അദ്ദേഹം പറഞ്ഞു.