‘ഖുർആനിക സന്ദേശമുൾക്കൊണ്ട് ജീവിതം ചിട്ടപ്പെടുത്തുക’: യാസിർ അറഫാത്ത്

ദോഹ: ഖത്തറിലെ മലയാളി പ്രവാസി സമൂഹത്തിന് വേണ്ടി ഔഖാഫ്-മതകാര്യ മന്ത്രാലയത്തിന് കീഴിലെ ശൈഖ് അബ്ദുല്ല ബിൻ സൈദ് ആൽമഹമൂദ് ഇസ്‌ലാമിക് കൾചറൽ സെന്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വക്റയിലെ ഇഫ്താർ കൂടാരത്തിൽ നടന്ന സംഗമത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ തൊള്ളായിരത്തിലധികം പേർ പങ്കെടുത്തു.

ദേഹേച്ഛയെയും പൈശാചിക ചിന്തകളെയും അതിജയിക്കാൻ മനുഷ്യ സമൂഹത്തിന് ദൈവമേകിയ കാരുണ്യമാണ് റമദാൻ മാസമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച യാസിർ അറഫാത്ത് പറഞ്ഞു. ഖുർആനിന്റെ വാർഷിക മാസത്തിൽ വിശുദ്ധ ഗ്രന്ഥത്തിൻ്റെ സന്ദേശമുൾക്കൊണ്ട് ജീവിതം ചിട്ടപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ബിൻ സൈദ് ഇസ്‌ലാമിക് കൾചറൽ സെന്ററിനെ പ്രതിനിധീകരിച്ച് കമ്മ്യൂണിറ്റി ഏക്റ്റിവിറ്റി സൂപ്പർവൈസർ ഡോ. മുഹമ്മദ് അബ്ദുറഹീം അൽ-തഹ്ഹാൻ ആശംസകളർപ്പിച്ചു സംസാരിച്ചു. ക്വിസ് മത്സരത്തിന് നബീൽ ഓമശ്ശേരി നേതൃത്വം നൽകി. 20 വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡണ്ട് ഖാസിം ടി.കെ അധ്യക്ഷത വഹിച്ചു. ഫാജിസ് ഖുർആൻ പാരായണം നടത്തി. സി.ഐ.സി ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട് സ്വാഗതം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News