നാടും വീടും വിട്ടു അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ആളുകള്‍ എന്തിനാണ് നമ്മുടെ നാട്ടിലെ ആഘോഷങ്ങളായ ഓണം, വിഷു എന്നിവ സംഘടിപ്പിക്കുന്നത്? യഥാര്‍ത്ഥത്തില്‍ ആരെ ബോധിപ്പിക്കുവാനാണ്? അതോ വെറും ഒരു കൂട്ടായ്മ മാത്രമാണോ? ലോകത്തിന്റെ എതു മൂലയിലും ഒരു മലയാളി ഉണ്ടെന്നാണ് പറയപ്പെടുന്നത്. നീല്‍ ആംസ്ട്രോന്ഗ് ചന്ദ്രനില്‍ മലയാളിയുടെ കടയില്‍ നിന്ന് ചായ കുടിച്ചാണ് മടങ്ങിയതെന്ന് ഒരു തമാശയുണ്ട്. മലയാളിക്ക് ഒരു പൊതു സ്വഭാവമുണ്ട്. മറ്റാരെക്കാളും സ്വന്തം മനസ്സിലേക്ക് ചുഴിഞ്ഞു നോക്കുകയും ചെയ്യുന്നു മലയാളി. അവിടെ സ്വന്തം മനസ്സിന്റെ ഒരു മൂലയില്‍-സ്വകീയമായ ഒരിടം കണ്ടെത്തുന്നതില്‍ തല്പരനാണ് മലയാളി. ആ ഇടത്തിന് മലയാളത്തിന്റെ മണ്ണും മണവുമാണ്.
“ഏതു വിദേശത്ത് പോന്നു വസിച്ചാലും,
ഏകാന്ത പുത്രനാം കേരളീയന്.”
എന്ന് മഹാകവി വള്ളത്തോള്‍ നാരായണ മേനോന് പാടിയത് ഈ അര്‍ത്ഥത്തിലാണ്.
നമ്മുടെ നാടും സംസ്കാരവും അതിന്റെ മണ്ണും പുഴകളും ഭക്ഷണവും വസ്ത്രവും കാറ്റും മണവും നമ്മുടെ ഉള്ള്ളില് നേരത്തെ സൂചിപ്പിച്ചിട്ടുള്ള ആ സ്വകീയ ഇടത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. സ്വന്തമായൊരു ജീവിതം നിര്‍മിക്കാനുള്ള പരക്കം പാച്ചിലിന്റെ ചെറിയ ചെറിയ ഇടവേളകളില്‍ നമ്മളോരോരുത്തരും ഈ സ്വകീയമായ ഇടത്തില്‍ ചേക്കേറും. ഇത്തരം ഇടവേളകള്‍ നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിന്റെ ഇടയില്‍ നമ്മള് സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. അത് മറന്നു പോകുന്നവരെ ഓര്മ്മപ്പെടുത്തുവാനാനാണ് ഇത്തരം ആഘോഷങ്ങള്‍ ഒന്നിടവിട്ട ഇടവേളകളില്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ഇത് നമ്മെ നമ്മുടെ സ്വത്വത്തെ കുറിച്ച് നമ്മെ ഓര്‍മ്മപ്പെടുത്തുവാന്‍ ഉപകരിക്കുന്നു.
എത്രമേല്‍ വിശ്വപൗരനായി വളരുമ്പോഴും സ്വന്തം മുരിങ്ങമരത്തിന്റെ തണല്‍ നമ്മെ മാടിവിളിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യും. ഈ പ്രലോഭനങ്ങള്‍ ആണ് നമ്മുടെ സംസ്കാരത്തിന്റെ ശക്തിയും സൗന്ദര്യവും. ഓരോ വിഷുവും ഓണവും ക്രിസ്തുമസും ബക്രീദും ആഘോഷിക്കുന്നതിനു പിന്നില്‍ ഈ പ്രലോഭനങ്ങള്‍ ആണ്.
പ്രലോഭനങ്ങള്‍ വിജയിക്കട്ടെ ! വിഷു ആശംസകള്‍ !
ചീഫ് എഡിറ്റര്‍