അബുദാബി: യുഎഇയില്‍ പൊതു-സ്വകാര്യ മേഖലയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് ആണ് അവധി പ്രഖ്യാപിച്ചത്. ഏപ്രില്‍ 30 മുതല്‍ റംസാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്നു വരെ അവധിയായിരിക്കും. അതേസമയം മേയ് ഒന്നിനാണ് പെരുന്നാളെങ്കില്‍ മൂന്നു വരെയും രണ്ടിനാണെങ്കില്‍ നാലു വരെയും അവധി ആയിരിക്കും. ഇതോടെ ജീവനക്കാര്‍ക്ക് നാലോ അഞ്ചോ ദിവസം അവധി ദിനങ്ങള്‍ ലഭിച്ചേക്കും.
Author: .
പ്രവാസികളെ വെട്ടിലാക്കി വിമാന കന്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചു
അബുദാബി: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്. പെരുന്നാളിനോടനുബന്ധിച്ചു പ്രവാസികളില്‍ നല്ലൊരു വിഭാഗം നാട്ടിലേക്ക് തിരിക്കുന്നതിനാല്‍ വന്‍ തിരക്കാണ് അനുഭവപ്പെടുക. ഇതു മുന്നില്‍കണ്ടാണ് പല വിമാനകന്പനികളും ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വര്‍ധിപ്പിച്ചിരിക്കുന്നത്. ദുബായില്‍ നിന്നു കൊച്ചിയിലേക്കുള്ള നിരക്ക് ഒരു വശത്തേയ്ക്കു മാത്രം ശരാശരി 450 ദിര്‍ഹമാണ് (7729 രൂപ) നിലവിലെ നിരക്ക്. എന്നാല്‍ പെരുന്നാള്‍ അവധി മുന്നില്‍ കണ്ട് 1550 ദിര്‍ഹം (32,227 രൂപ) ആണ് പല വിമാനകന്പനികളും ഈടാക്കുന്നത്. നാലംഗ കുടുംബത്തിനു കുറഞ്ഞത് 9500 ദിര്‍ഹം (രണ്ടു ലക്ഷത്തോളം രൂപ) ചെലവാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതു കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം അപ്രാപ്യമാണ്. സീസണ്‍ കാലയളവില്‍ മാത്രം പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനകന്പനികളുടെ ഈ പ്രവണത കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തുടരുകയാണ്.
സന്തോഷ് ട്രോഫിയില്‍ കേരളം സെമിയില്‍
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം സെമിയില്‍. ഗ്രൂപ്പ് ചാന്പ്യന്‍മാരായാണ് കേരളം സെമിയിലെത്തിയിരിക്കുന്നത്. പഞ്ചാബിനെ കീഴടക്കിയാണ് കേരളം സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ ജയം. ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഇരട്ടഗോള്‍ മികവിലാണ് കേരളത്തിന്റെ ജയം. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് കേരളം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചത്. 12-ാം മിനിറ്റില്‍ കേരളത്തിന്റെ പ്രതിരോധ പിഴവില്‍നിന്ന് പഞ്ചാബ് മുന്നിലെത്തിയത്. മന്‍വീര്‍ സിംഗാണ് പഞ്ചാബിനായി സ്‌കോര്‍ ചെയ്തത്. കേരളത്തിനായി 17, 86 മിനിറ്റുകളിലാണ് ജിജോ ഗോള്‍ നേടിയത്. തോല്‍വിയോടെ പഞ്ചാബ് സെമി കാണാതെ പുറത്തായി.
പോലീസ് തലപ്പത്ത് മാറ്റം; വിജിലന്‍സ് ഡയറക്ടറെയും ക്രൈംബ്രാഞ്ച് മേധാവിയെയും മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. വിജിലന്‍സ് ഡയറക്ടറെയും ക്രൈംബ്രാഞ്ച് മേധാവിയെയും ജയില്‍ മേധാവിയെയും ട്രാന്‍സ്‌പോര്‍ട് കമ്മീഷണറെയും മാറ്റി. ട്രാന്‍സ്‌പോര്‍ട് കമ്മീഷണറായിരുന്ന എം.ആര്‍. അജിത് കുമാര്‍ വിജിലന്‍സ് മേധാവിയാകും. എസ്. ശ്രീജിത്തിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി നിയമിച്ചു. ജയില്‍ മേധാവി സ്ഥാനത്തുനിന്ന് മാറുന്ന ഷെയ്ക്ക് ധര്‍വേസ് സാഹിബാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. സുദേഷ് കുമാര്‍ ജയില്‍ മേധാവിയാകും.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഏപ്രില്‍ 25ലെ സൂചന പണിമുടക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: ഏപ്രില്‍ 28ന് പണിമുടക്ക് സമരം നടത്താനുള്ള തീരുമാനത്തില്‍നിന്ന് കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകള്‍ പിന്മാറി. ഗതാഗതമന്ത്രിയുമായി ഈ മാസം 25 ന് ചര്‍ച്ച നടത്താമെന്ന തീരുമാനം വന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. അതേസമയം ശമ്പള വിതരണത്തിന്റെ കാര്യത്തില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് ഉറപ്പൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ മേയ് ആറിലെ പണിമുടക്കില്‍ മാറ്റമില്ലെന്ന് ടിഡിഎഫ് അറിയിച്ചു.
ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസ്: മഞ്ജു വാര്യരുടെ മൊഴിയെടുത്തു
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍വച്ചാണ് നടിയുടെ മൊഴിയെടുത്തത്. ഗൂഢാലോചന സംബന്ധിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ തിരിച്ചറിയുന്നതായിരുന്നു നടപടി. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ചത് മഞ്ജു വാര്യരായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ദിലീപിലേക്ക് എത്തുന്നതും പ്രതി ചേര്‍ക്കപ്പെടുന്നതും.
ശബരിമല ആചാരാനുഷ്ഠാനങ്ങള്‍; സര്‍ക്കാരിന് മേല്‍നോട്ടത്തിന് അധികാരമില്ലെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുടെ മേല്‍നോട്ടത്തിന് സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പൂര്‍ണ അധികാരമെന്നും കോടതി ഉത്തരവിട്ടു. ശബരിമല വെര്‍ച്വല്‍ ക്യൂവിന്റെ ചുമതല പോലീസില്‍നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേയ്ക്ക് മാറ്റി. പൂര്‍ണമായ നിയന്ത്രണം ദേവസ്വത്തിനെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇനി അടിയന്തരഘട്ടങ്ങളില്‍ മാത്രമായിരിക്കും പോലീസ് നിയന്ത്രണം ഉണ്ടാകുക.
എയ്ഞ്ചല്‍ വോയ്‌സ് ഡയറക്ടര്‍ ഫാ. കുര്യാക്കോസ് കച്ചിറമറ്റം അന്തരിച്ചു
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഏയ്ഞ്ചല്‍ വോയ്‌സിന്റെ ഡയറക്ടറും ഗായകനുമായ ഫാ. കുര്യാക്കോസ് കച്ചിറമറ്റം അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ന് എറണാകുളം ലിസി ഹോസ്പിറ്റലിലാണ് അന്ത്യം സംഭവിച്ചത്. ഇന്നു പാലാരിവട്ടത്തുള്ള സഹോദരിയുടെ വസതിയില്‍ വച്ചതിനു ശേഷം ഭൗതിക ശരീരം മൂവാറ്റുപുഴ നിര്‍മല ഹോസ്പിറ്റലില്‍ എത്തിക്കും. സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച നടക്കും. മൂവാറ്റുപുഴ ടൗണ്‍ പള്ളിയില്‍ തിങ്കളാഴ്ച 11ന് പൊതുദര്‍ശനം. തുടര്‍ന്ന് രണ്ടിന് സംസ്‌കാരം. മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്‌സ് ട്രൂപ്പിനൊപ്പം സജീവ സാന്നിധ്യമായിരുന്നു ഫാ. കുര്യാക്കോസ്. അദ്ദേഹത്തിന്റെ ഗാനത്തോടെയായിരുന്നു ട്രൂപ്പിന്റെ ഗാനമേള പലപ്പോഴും ആരംഭിച്ചിരുന്നത്. കേരളത്തിലും പുറത്തും നിരവധി വേദികളില്‍ അദ്ദേഹം ഗാനം ആലപിച്ചു ശ്രദ്ധേയനായിട്ടുണ്ട്.
കെ.റെയില്‍ കല്ലിടല്‍; കണ്ണൂരില്‍ ഇന്നും പ്രതിഷേധം; കല്ലുകള്‍ പിഴുതുമാറ്റി
കണ്ണൂര്‍: കെ റെയില്‍ കല്ലിടലിനെതിരെ കണ്ണൂരില്‍ പ്രതിഷേധം. കണ്ണൂര്‍ എടക്കാടാണ് പ്രതിഷേധം നടന്നത്. കല്ലിടുന്നത് നാട്ടുകാര്‍ തടഞ്ഞു. ഇതേതുടര്‍ന്ന് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഒരു കല്ല് പ്രതിഷേധക്കാര്‍ പിഴുതെറിഞ്ഞു. കല്ലിടാനെത്തുമെന്ന് ആരെയും അറിയിച്ചില്ലെന്നും തങ്ങളെ കബളിപ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു. ഒളിച്ചും പാത്തും ചെയ്യേണ്ട കാര്യമല്ല ഇത്. കൃത്യമായി വിവരമറിയിക്കണം. വേണ്ടപ്പെട്ട ആളുകളെ വിവരമറിയിച്ചേ കുറ്റിയടിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. അത് പാലിക്കപ്പെട്ടില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. ദേശീയ പാതയ്ക്കും ജലപാതയ്ക്കുമൊക്കെ നേരത്തെ സ്ഥലമെടുത്തതാണ്. വികസനത്തിന് തങ്ങള്‍ എതിരല്ല. പക്ഷേ, ജനങ്ങളെ ദ്രോഹിക്കാന്‍ അനുവദിക്കില്ല. ഈ പ്രതിഷേധങ്ങളില്‍ രാഷ്ട്രീയമില്ല. നാട്ടുകാര്‍ ഒറ്റക്കെട്ടായി പോരാടുമെന്നും നാട്ടുകാര്‍ പറഞ്ഞു. അതേസമയം, എല്ലാ പഞ്ചായത്തുകളിലും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. പുറത്തുനിന്നുള്ള ആളുകളെത്തിയാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഇവിടെ നടക്കുന്നത് സാമൂഹികാഘാത പഠനമാണ് എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് 5 ദിവസം കൂടി മഴ; തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം ഇടിയോടു കൂടിയ ശക്തമായ മഴയ്ക്കാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര സാധ്യത കല്പിക്കുന്നത്. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലെ മലയോര മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് വൈകുന്നേരം മുതല്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ മേഖലകളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.