കെഎസ്ഇബി സമരം ഒത്തുതീര്‍പ്പിലേക്ക്: സ്ഥലംമാറ്റിയ ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിക്കും

തിരുവനന്തപുരം: കെഎസ്ഇബി സമരത്തിന് താല്‍ക്കാലിക പരിഹാരം. സ്ഥലം മാറ്റിയ ഉദ്യോഗസ്ഥര്‍ ശനിയാഴ്ച മുതല്‍ ജോലിയില്‍ തിരികെ പ്രവേശിക്കും. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും ഓഫീസേഴ്സ് അസോസിയേഷനും തമ്മിലുള്ള ചര്‍ച്ചയിലാണ് ധാരണയായത്. മേയ് അഞ്ചിന് വൈദ്യുതി മന്ത്രി തുടര്‍ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി അസോസിയേഷന്‍ വ്യക്തമാക്കി. ഓഫീസേഴ്സ് അസോസിയേഷന്റെ ഭാരവാഹികളായ എം.ജി. സുരേഷ് കുമാര്‍, കെ. ഹരികുമാര്‍, ജാസ്മിന്‍ ബാനു എന്നിവരുടെ സ്ഥലംമാറ്റം പിന്‍വലിക്കുന്നതുവരെ പിന്നോട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിയില്‍ നിന്നും നേതാക്കള്‍ക്ക് ഉറപ്പ് ലഭിച്ച ശേഷം സമരത്തിന് താല്‍ക്കാലിക പരിഹാരമാകുകയായിരുന്നു. ഈ നേതാക്കള്‍ ശനിയാഴ്ച സ്ഥലംമാറ്റം ലഭിച്ച ഓഫീസുകളില്‍ ജോലിയില്‍ പ്രവേശിക്കും.

കുറ്റകൃത്യങ്ങള്‍ക്കായി വാഹനം ഉപയോഗിച്ചാല്‍ പെര്‍മിറ്റും ലൈസന്‍സും റദ്ദാക്കും: ഗതാഗതമന്ത്രി

തിരുവനന്തപുരം: കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് മാത്രമാണ് ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കുന്നത്. വാഹനങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ വിതരണം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡിനു പകരം എലഗന്റ് കാര്‍ഡുകള്‍ മേയ് മുതല്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നതും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതെ യാത്ര ചെയ്യുന്നതും കണ്ടെത്തി മോട്ടോല്‍ വാഹന നിയമപ്രകാരമുള്ള ശക്തമായ നടപടി സ്വീകരിക്കുന്നതിനായി അടുത്ത മൂന്നു മാസം സ്പെഷല്‍ ഡ്രൈവുകള്‍ സംഘടിപ്പിക്കും. മേയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇതിനായി വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗം വ്യപക പരിശോധന നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആലുവയില്‍ യുവതി ട്രെയിനിന് മുന്നിലും സുഹൃത്ത് പുഴയിലും ചാടി ജീവനൊടുക്കി

ആലുവ: എറണാകുളത്ത് യുവതി ട്രെയിനിന് മുന്നിലും സുഹൃത്ത് പുഴയിലും ചാടി ജീവനൊടുക്കി. എറണാകുളം ആലുവയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ആലുവ കുഴിവേലിപ്പടി സ്വദേശി മഞ്ജു (42), ശ്രികാന്ത് (39) എന്നിവരാണ് മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.മഞ്ജു ആലുവയിലെ ഗ്യാരേജിന് സമീപം ട്രെയിനിന് മുന്നില്‍ ചാടി മരിക്കുകയായിരുന്നു. മൂന്ന് മാസം മുന്‍പാണ് ഡ്രൈവറായ ശ്രീകാന്ത് മഞ്ജുവിന്റെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കാനെത്തിയത്. പിന്നീട് ഇരുവരും പ്രണയത്തിലായി. കഴിഞ്ഞ ദിവസം ഇവരുടെ പ്രണയം വീട്ടുകാര്‍ അറിഞ്ഞിരുന്നു. ശ്രീകാന്തിനെ ആലുവയിലേക്ക് വിളിച്ചു വരുത്തിയ മഞ്ജു, സംസാരിക്കുന്നതിനിടെ റെയില്‍ പാളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് ശ്രീകാന്ത് ഓട്ടോയില്‍ ആലുവ മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍ എത്തിയ ശേഷം പുഴയിലേക്ക് ചാടി ജീവനൊടുക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.  

കുറ്റ്യാടി സ്വദേശി ഒമാനില്‍ വെടിയേറ്റ് മരിച്ചു

സലാല: ഒമാനിലെ സലാലയില്‍ മലയാളി വെടിയേറ്റ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്ദീനാണ് മരിച്ചത്. സലാലയിലെ പള്ളിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. ഒമാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.    

സെക്രട്ടേറിയറ്റിനു മുന്നില്‍ പെട്രോളൊഴിച്ച് യുവാക്കളുടെ ആത്മഹത്യാശ്രമം; ചോദ്യം ചെയ്യലില്‍ പിടിയിലായത് കവര്‍ച്ചാകേസ് പ്രതികള്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ യുവാക്കളുടെ ആത്മഹത്യാശ്രമം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുള്ള മൂന്ന് യുവാക്കളാണ് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാവിലെ 11.30 ഓടെയായിരുന്നു സംഭവം. തീകൊളുത്തും മുന്‍പ് പോലീസ് ഇവരെ അനുനയിപ്പിച്ചു വെള്ളമൊഴിച്ചു കഴുകിയ ശേഷം സ്‌റ്റേഷനിലേക്ക് മാറ്റി. സുല്‍ത്താന്‍ ബത്തേരി സ്വദേശി സലീം എന്ന യുവാവാണ് ആദ്യം റോഡിലെ മീഡിയനിലിരുന്ന് ദേഹത്ത് പെട്രോളൊഴിച്ചത്. പോലീസ് എത്തിയതോടെ ഇയാള്‍ റോഡിലേക്ക് ഇറങ്ങി. തുടര്‍ന്ന് തീകൊളുത്തും മുന്‍പ് പോലീസ് അനുനയിപ്പിച്ച് റോഡ് സൈഡിലേക്ക് മാറ്റി വെള്ളമൊഴിച്ച് ദേഹത്തെ പെട്രോള്‍ കഴുകിക്കളഞ്ഞു. ഇവരെ കന്റോണ്‍മെന്റ് സ്‌റ്റേഷനിലേക്ക് മാറ്റി ചോദ്യം ചെയ്തുവരുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ ബിസിനസ് നടത്തുന്ന തങ്ങളെ ബിസിനസ് പങ്കാളി തെറ്റിപ്പിരിഞ്ഞ ശേഷം വധിക്കാന്‍ ശ്രമിക്കുന്നുവെന്നും, ഇതിനെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. തെളിവുകള്‍ പോലീസിനെ കാണിച്ചിട്ട് പരിഗണിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ സുല്‍ത്താന്‍ ബത്തേരി പോലീസുമായി…

ഇടുക്കി എയര്‍സ്ട്രിപ്പിനെതിരെ കേന്ദ്രം ഹൈക്കോടതിയില്‍; വനംമന്ത്രാലയത്തിന്റെ അനുമതി തേടിയില്ല

കൊച്ചി: ഇടുക്കി എയര്‍സ്ട്രിപ്പിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. പദ്ധതിക്ക് മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്നും അത് നടപ്പിലായാല്‍ പരിയാര്‍ കടുവാ സങ്കേതത്തിന് ഭീഷണിയാണെന്നും ആവാസവ്യവസ്ഥയെ ബാധിക്കുമെന്നും വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാഗ്മൂലം നല്‍കി പദ്ധതിക്ക് കേന്ദ്രവനം മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എയര്‍സ്ട്രിപ്പിനെതിരെ തൊടുപുഴ സ്വദേശിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. പദ്ധതി വനത്തിന്റെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്ന ഹര്‍ജിക്കാരന്റെ വാദം കേന്ദ്രസര്‍ക്കാരും ശരിവച്ചു.

തൃക്കാക്കര സ്വര്‍ണക്കടത്ത്; ഷാബിന്‍ ഡിവൈഎഫ്‌ഐ നേതാവെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഷാബിന്‍ ഡിവൈഎഫ്‌ഐ നേതാവാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ഷാബിന്റെ ഇടപെടലില്‍ പിതാവും മുസ്ലീം ലീഗ് നേതാവും തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനുമായ എ.എ. ഇബ്രാഹിംകുട്ടിക്ക് പങ്കില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.കെ.വി. തോമസിനെതിരായ എഐസിസി നടപടിയെ സ്വാഗതം ചെയ്യുന്നു. താന്‍ ഭീഷണിപ്പെടുത്തിയെങ്കില്‍ എന്താണെന്ന് കെ.വി. തോമസ് വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടുഅതേസമയം, മക്കള്‍ ചെയ്ത കുറ്റത്തിന് പിതാവ് ജയിലില്‍ പോവുകയാണെങ്കില്‍ ആര് ആദ്യം ജയിലില്‍ പോകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചോദിച്ചു. തൃക്കാക്കര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈന്‍ സംവാദത്തില്‍ സര്‍ക്കാര്‍ കെട്ടി പൊക്കിയ വന്‍മതില്‍ നിലംപൊത്തിയെന്ന് സതീശന്‍ പരിഹസിച്ചു. സംസ്ഥാന സര്‍ക്കാരിനായി സംസാരിക്കാനായി എത്തിയവര്‍ തന്നെ നിലപാട് മാറ്റി. കേരളത്തിലെ വരേണ്യവര്‍ഗത്തിനായാണ് കെ റെയിലെന്നും വി.ഡി. സതീന്‍ കുറ്റപ്പെടുത്തി.  

കോവിഡ് പരോള്‍ ; ടി.പി കേസില്‍ അടക്കമുള്ള തടവുപുള്ളികളോട് ജയിലില്‍ മടങ്ങിയെത്താന്‍ സുപ്രീംകോടതി നിര്‍ദേശം

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ പരോള്‍ ലഭിച്ച് പുറത്തിറങ്ങിയ തടവുപുള്ളികള്‍ ഉടന്‍ മടങ്ങിയെത്തണമെന്ന് സുപ്രീംകോടതി. രണ്ടാഴ്ചയ്ക്കുള്ളില്‍ അതാത് ജയിലുകളില്‍ മടങ്ങിയെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. ജസ്റ്റീസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പരോള്‍ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ടി.പി. ചന്ദ്രശേഖരന്‍ കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി.കെ. രാജീവ്, കെ.സി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം നിര്‍ദേശിച്ചത്. രാജ്യത്ത്എല്ലാ സംവിധാനങ്ങളും സാധാരണ നിലയിലേക്ക് എത്തിയെന്നും ഇത്തരത്തിലുള്ള പരിരക്ഷ ഇനി പ്രതികള്‍ അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി.  

മാടമ്പിത്തരം കുടുംബത്ത് വച്ചിട്ട് വരണം; സമരക്കാരെ വിമര്‍ശിച്ച് കെഎസ്ഇബി ചെയര്‍മാന്‍

തിരുവനന്തപുരം: കെഎസ്ഇബി സമരക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചെയര്‍മാന്‍ ബി. അശോക്. മാടമ്പിത്തരം കുടുംബത്ത് വെച്ചിട്ടാണ് ജോലിക്ക് വരേണ്ടതെന്നും ധിക്കാരം പറഞ്ഞാല്‍ അവിടെ ഇരിക്കെടാ എന്ന് പറയുമെന്നും അശോക് പറഞ്ഞു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം രോഷാകുലനായത്. എടാ പോടാ എന്ന് ദുര്‍ബല സമുദായത്തില്‍പ്പെട്ട ഡയറക്ടറിനെ വിളിച്ചാല്‍ ഇരിക്കെടോ എന്ന് മാന്യമായി പറയും. അല്ലെങ്കില്‍ കയ്യോടെ മെമ്മോ കൊടുക്കും. നടപടിയുണ്ടാകും. ആരുടെയും മുറുക്കാന്‍ ചെല്ലം താങ്ങിയുള്ള രീതി ഇനി നടക്കില്ല. അച്ചടക്ക ലംഘനം ഇനി വെച്ചു പൊറുപ്പിക്കാനാകില്ല. ഒരു തവണ മന്ത്രിയുടെ ഓഫീസില്‍ ചായ കൊടുത്തവര്‍ വരെ പിന്നീട് എക്സിക്യൂട്ടീവുമാരെ വിരട്ടുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലരും അതില്‍ വീണുപോയിട്ടുണ്ട്. എന്നാല്‍ തന്നോട് അതുണ്ടായിട്ടില്ല. അതൊട്ട് നടക്കാനും പോകുന്നില്ല. സ്ത്രീത്വത്തെ അപമാനിച്ചു എന്ന സമരക്കാരുടെ ആരോപണം സമ്മര്‍ദ്ദതന്ത്രമാണ്. അതിന് വഴങ്ങാന്‍ സാധ്യമല്ല. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍പ് വൈദ്യുതി…

മഴയ്ക്ക് സാധ്യത; കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: അടുത്ത ദിവസങ്ങളില്‍ കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെമുന്നറിയിപ്പ്. ഇതോടെ രണ്ടു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിരുന്നു. ചിലയിടങ്ങളില്‍ ശക്തമായ ഇടിമിന്നലും ഉണ്ട്.