ഓണം വരുന്നേ പൊന്നോണം. തുമ്പപ്പൂ മണമുള്ള പൊന്നോണം! ഓണം വരുന്നേ…… തുമ്പികൾ പാറിപ്പറന്നു. തൂവാനത്തുമ്പികൾ തുള്ളികളിച്ചങ്ങും തിരുവാതിര മേള മാടി. ഓണം വരുന്നേ…… കൈതകൾ പൂത്ത വരമ്പത്തു ചാടി മാക്കാച്ചിത്തവളകൾ പാടി. ഓണം വരുന്നേ, പൊന്നോണം.! ഓണം വരുന്നേ…… കോലോത്തെ തമ്പുരാട്ടി. കോടിയുടുത്തു മാവേലി തമ്പുരാനെ വരവേറ്റ ഇടാനായി ഓണം വരുന്നേ……. മുറ്റത്തെ തെറ്റി പൂത്തുലഞ്ഞു. മൂവാണ്ടന് മാവിന്റെ കൊമ്പത്തിരുന്ന് ഓലവാലൻ കിളിയാടി. ഓണം വരുന്നേ…… പച്ച വിരിച്ച പാടങ്ങളിലൊക്കെ പക്ഷികൾ പറന്നു പാടി ഓണം വരുന്നേ പൊന്നോണം! ഓണം വരുന്നേ……
Category: POEMS
മഴക്കവിത : ജയൻ വർഗീസ്
രാത്രിയും പകലും വേർപിരിയുന്നു യാത്രാ മൊഴിയുതിരുന്നു, അകലെയാകാശത്തിൻ അരമന വീട്ടിൽ ആരോ പാടുന്നു ! അണകെട്ടി നിർത്തിയ ഹൃദയ വികാരങ്ങൾ അറിയാതെ കവിയുമ്പോൾ, അഴലിന്റെ മുൾക്കാട്ടിൽ ഒരു കിളിപ്പെണ്ണിന്റെ നിലവിളിയുയരുന്നു ! ഒരു കൊച്ചു കണ്ണുനീർ – ക്കൂടവുമായ് മാനത്ത് മഴമുകിൽ തേങ്ങുന്നു, സഹികെട്ടു സംഹാര രുദ്രയായ് ഭ്രാന്തമായ് അത് പെയ്തൊഴിയുന്നു ?
വാവിട്ടു കരയും നാട് വയനാട് (കവിത): എ.സി. ജോർജ്
നയന വർണ്ണ മനോഹരിയാം മാമല നാട് വയനാട് സഹ്യപർവ്വത താഴ്‌വരകളിൽ തിലകമായ വയനാട് ഇന്നവിടെ വിങ്ങി തേങ്ങി നുറുങ്ങിയ മനസ്സുകൾ ഹൃദയം പൊട്ടി അലമുറയിട്ടു കരയുന്ന മാനസങ്ങൾ തോരാത്ത ഈ കണ്ണീർ പ്രളയത്തെ കാണുന്നോർക്കും ഹൃത്തടത്തിൽ മനഃസ്സാക്ഷിയിൽ ഒരു നിലക്കാത്ത നീറ്റൽ വാവിട്ടു കരയും വയനാടിൻ കണ്ണീർ നാടിനാകെ കണ്ണീർ അന്ന് പ്രകൃതി ദേവി രൗദ്രഭാവത്തിലായി ക്ഷുഭിതയായി ആകാശത്തിൽ തീക്കനൽ മിന്നൽ പിണർ കൊടിയ മുഴക്കങ്ങൾ ഇടി വെട്ടി കാറ്റൂതി കുലംകുത്തി പേമാരി പെയ്തിറങ്ങി നദിയുടെ കൊടിയ പെരും കുത്തൊഴുക്ക്പോൽ വയനാടൻ ആകാശ ഗംഗയിൽ ജലം കീഴോട്ടു കുത്തിയൊഴുകി എല്ലാം തകർത്തെറിഞ്ഞു രാക്ഷസീയ സംഹാരതാണ്ഡവമാടി വൃക്ഷങ്ങൾ വേരോടെ നിലം പൊത്തി വീണു മലയിടിഞ്ഞു മണ്ണിടിഞ്ഞു കുത്തിയൊഴുകി ചെളി വെള്ളം പൈശാചിക രൗദ്രഭാവമായി എല്ലാം തകർത്താടി ഉരുൾ പൊട്ടി ഭൂമി പിളർന്നു പാറക്കെട്ടുകളും.. വീടുകൾ വിദ്യാലയങ്ങൾ ആരാധനാലയങ്ങൾ വകഭേദമില്ലാതെ…
ഇനിയെന്റെ സ്വപ്ന ചിറകിന് ആര് തരും വർണ്ണങ്ങൾ (കവിത): സണ്ണി മാളിയേക്കൽ
ഉരുൾപൊട്ടി ഒഴുകിയ നീർച്ചാലിൽ നാം അകന്നുപോയോ…… നിർവികാരനായി നിസ്സഹായനായി നോക്കിനിൽക്കെ ….. ഒഴുകി ഒലിച്ചുപോയ ജീവിതങ്ങൾ…… കൂട്ടരും, കൂടും, കുടുക്കയും തുടച്ചു മാറ്റപ്പെട്ടപ്പോൾ ……. ഹൃദയം തകർന്നു നോവേറെയായി….. മരവിച്ച മനുഷ്യജന്മങ്ങളിൽ നിന്നും ഒരു തേങ്ങൽ…. ആരു പറയും ആരോട് പറയും ഞാൻ എന്റെ കഥകൾ … കഥനങ്ങൾ….. സ്വപ്നങ്ങൾ, സ്വപ്നങ്ങൾ മാത്രമായിരുന്നു… മരണങ്ങൾ മരണങ്ങൾ സത്യമായിരുന്നു…. ഇനിയെന്റെ സ്വപ്ന ചിറകിന് ആര് തരും വർണ്ണങ്ങൾ….
അമ്മ എവിടെ? (കവിത): ജയൻ വർഗീസ്
(കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ അടി പിണഞ്ഞ സഹോദരങ്ങൾക്കായി സമർപ്പിക്കുന്നു) അമ്മ തൻ നെഞ്ചിൽ ഉറങ്ങിക്കിടന്നൊരു കുഞ്ഞായിരുന്നു ഞാൻ കൂട്ടിൽ. പൊന്നണിഞ്ഞെത്തും പ്രഭാത ത്തുടുപ്പിന്റെ കന്നിക്കതിരായിരുന്നു ! അമ്മേ യനശ്വര സ്തന്യമായ് സ്നേഹത്തി – ന്നന്നം ചുരത്തിയോരമ്മേ, എന്തിനാ മാറിൽ നിന്നെന്നെ പറിച്ചെറി- ഞ്ഞിന്നീ കരാളം ചതുപ്പിൽ ? കത്തിയെരിഞ്ഞ പ്രപഞ്ച നിഗൂഢത – ക്കിപ്പുറം വന്ന നിൻ സ്നേഹം , ചിപ്പിയിൽ മുത്തുപോൾ ജീവന്റെ യുൾതാള സത്യമായ് എന്നെ രചിച്ചു ! മുത്തണിപ്പൊൻ മുലക്കച്ച തുറന്നെനി ക്കെത്ര മുലപ്പാൽ ചുരത്തി ? എത്ര ശതകോടി വർഷാന്തരങ്ങളിൽ മൊത്തി നീയെന്നെ വളർത്തീ ? എന്നിട്ടു മീവിധം സംഹാര രുദ്രയായ് എന്നെ പറിച്ചെറിഞ്ഞീടാൻ എന്തപരാധം നിൻ സ്വപ്ന പുഷ്പങ്ങളിൽ എന്തേ പുഴുക്കുത്ത് വീഴാൻ ? അമ്മേ ക്ഷമിക്കൂ ഇനിയുമൊരായിരം ജന്മങ്ങൾ മണ്ണിൽ തളിർക്കും ! ഞാനാണവർ…
ചിലയ്ക്കുന്നതെന്തെൻ കിളിയേ (കവിത): പുലരി
ചിലയ്ക്കുന്നതെന്തെൻ കിളിയേ എനിക്കറിയാത്ത ഭാഷയിൽ പരിഭവമോ പരിദേവനമോ പരിഹാസമോ പരിലാളനമോ ഹൃദയത്തിൻ ഭാഷ ഞാൻ ശ്രമിക്കുന്നു ഗ്രഹിക്കുവാൻ സന്തോഷം എങ്കിൽ ചിരിച്ചിടാം കൂടെ സന്താപച്ചുവയെന്നാൽ രണ്ടിറ്റു കണ്ണീർ പൊഴിക്കാം കൂട്ടിന്നു പോരാൻ ക്ഷണമെങ്കിൽ നിനക്കായ് കൂടൊന്നു തീർക്കാൻ മനോജാലകം തുറന്നിടാം അരികിൽ വന്നു കിളിയേ എനിക്കറിയുന്ന ഭാഷയിൽ ഉരിയാടൂ നീയും മനം കുളിരെ.
കള്ളക്കടൽ (കവിത): ഷാഹുല്‍ പണിക്കവീട്ടില്‍
അയാൾ ഓർക്കുകയായിരുന്നു അവന്റെ കുട്ടിക്കാലം! ഓഫീസിൽ നിന്നും വരുമ്പോൾ വാതിൽ തുറന്നു വരവേറ്റിരുന്നത് ഭാര്യയാണ് ഒക്കത്ത് അവനുണ്ടാകും എന്നെ കാണുമ്പോൾ മോണകാട്ടി ചിരിച്ചു കൈ നീട്ടി നെഞ്ചിലേക്ക് ചായും കോരിയെടുത്തുമ്മ വെക്കുന്ന തക്കത്തിൽ ആദ്യം കണ്ണട തട്ടിയെടുക്കും പിന്നെ പേന നിലത്തിടും മുമ്പേ തന്ത്രത്തിൽ തിരിച്ചു വാങ്ങി ദൂരേക്ക് മാറ്റി വെക്കണം ഓർമ്മപ്പട്ടം കൈവിട്ട് പറക്കുമ്പോൾ കാഴ്ച മങ്ങിയ കണ്ണുകൾ ശൂന്യതയിലേക്ക് തിരിച്ചുവെച്ച് അയാൾ ബന്ധവിച്ഛേദത്തിന്റെ അപാരത അറിയുന്നു നിസ്സഹായതയുടെ ഇരുമ്പഴികൾക്കുള്ളിൽ ബന്ധനത്തിന്റെ കാഠിന്യമനുഭവിക്കുന്നു ചെറുമകൻ അയാളെ വാപ്പയെന്നും അയാളുടെ ഭാര്യയെ ഉമ്മയെന്നും വിളിച്ചു പപ്പയും മമ്മയും അടുത്തുണ്ടായാലും അവന്റെ ആവശ്യങ്ങൾക്കും ശാഠ്യങ്ങൾക്കും വഴങ്ങിയിരുന്ന വാപ്പയും ഉമ്മയുമായിരുന്നു ഏറ്റവും പ്രിയപ്പെട്ടവർ അവനെ നെഞ്ചത്തും ചാരത്തും കിടത്തി പാട്ടുപാടിയും കഥ പറഞ്ഞും ഉറക്കിയത് ഊട്ടിച്ചും ഉടുപ്പിച്ചും കൈപിടിച്ചു നടത്തിച്ചത് മറവിയിലേക്കെറിയാൻ കഴിയില്ല കുളിപ്പിക്കാൻ അവന്റെ മമ്മ വിളിക്കുമ്പോൾ വാപ്പ…
നിവേദനം (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ
പുഞ്ചിരി ചുണ്ടോടു ചേർന്നു നിൽക്കുന്ന പോൽ പൂമണം പൂവോടു ചേർന്നിടും പോൽ, വാക്കോടതിന്നർത്ഥം ചേർന്നു രമിക്കും പോല്‍, നാക്കോടു ചേർന്നീടുമക്ഷരം പോൽ, ശൈശവം പൈതലെ പുൽകി നിൽക്കുന്ന പോൽ ശൈലവും മാനവും ചേർന്നിടും പോൽ, അലമാലയാഴിയോ ടൊട്ടി നിൽക്കുന്ന പോൽ അല്ലികൾ അലരൊത്തു നിന്നിടും പോൽ, മധുരം മധുവോടു ചേർന്നു നിൽക്കുന്ന പോൽ മതിയോടു പൂനിലാവെന്നതു പോൽ, ഹരിതാഭ ചേലിൽ വസന്തത്തോടെന്ന പോൽ കരിമുകിൽ മാനത്തോടെന്നതു പോൽ, ശൈത്യം ശിശിരത്തോടെന്നതു പോൽ, ഓമൽ ശൈശവം പൈതലോടെന്നതു പോൽ, ശൈലമാകാശത്തെ തൊട്ടുനിൽക്കുന്ന പോൽ, ശൈലിയിൽ ലക്ഷ്യാർത്ഥമെന്നതു പോൽ, നൃത്തം മയിലോടു ചേർന്നു നില്‍ക്കുന്ന പോൽ വൃത്തം കവിതയോടെന്നതു പോൽ, കൂജനം കോകിലകണ്ഠത്തോടെന്ന പോൽ കൂരിരുൾ രാവിനോടെന്നതു പോൽ, സാദരം ഞാനുമെൻ ജീവനാം കൃഷ്ണാ! നിൻ പാദപദ്മങ്ങളിൽ ചേർന്നു നിൽപ്പു! ജന്മം നീയെത്ര തന്നാലും അടിയനാ ജന്മം നരജന്മമാകേണമേ!
ഞെട്ടറ്റു വീണ പൂക്കള്‍ (കവിത): ജയൻ വർഗീസ്
മുക്ത സ്വപ്നങ്ങളേ പോയി വരൂ – മമ സുപ്രഭാതങ്ങളേ നാളെ വരൂ. ഞെട്ടറ്റു വീണ മനുഷ്യ സ്വപ്നങ്ങളെ കെട്ടിപ്പിടിച്ചൊന്നു തേങ്ങുകയാണ് ഞാൻ ! ഏതോ നിയാമക വീഥിയിൽ നക്ഷത്ര ധൂളികൾ വാരിപ്പുതച്ചതീ ലീവിതം ! വേഷങ്ങളാടുവാൻ വേണ്ടി നിരാമയ ഛേദം വിളങ്ങുന്ന മണ്ണിൻ ചിരാതുകൾ ! ഞെട്ടറ്റു വീഴാൻ തുടിക്കുകയാണ് നാം മൊട്ടായി വീണ്ടും ജനിക്കുവാനാകുമോ ? നിത്യം പ്രപഞ്ച മഹാ സാഗരത്തിലെ മുത്തുകൾ നമ്മൾ യുഗങ്ങളിൽ പിന്നെയും ! (ഗൾഫിൽ ഞെട്ടറ്റു വീണവർക്ക് കണ്ണീർപ്പൂക്കൾ)
മഴവില്ല് (കവിത): പുലരി
ഒളിഞ്ഞു നോക്കും വൃത്തശകലമായ് വരച്ച സപ്തനിറ സൗന്ദര്യമേ എത്തിപ്പിടിക്കാൻ മോഹമുണ്ടേ ആ ചെരിവിൽ ഉരുസിക്കളിക്കും മാനസം കാണാപ്പുറം തേടി അലയുകയോ?