സർവലോക സൈനിക സഹോദരങ്ങളേ! നിങ്ങളുടെ നിറ തോക്കുകൾ നിലത്തു കുത്തുക. ഞങ്ങൾക്ക് നേരെ അത് തിരിക്കരുത് ! നിങ്ങളുടെ നീളൻ മിസൈലുകൾ ഞങ്ങളുടെ കുഞ്ഞുറുമ്പ് ജീവിതങ്ങൾക്ക് നേരെ തൊടുക്കരുത് ! അവിടെ പൈതങ്ങളുണ്ട്, മുലയൂട്ടുന്ന അമ്മമാരുണ്ട് . വഴിക്കണ്ണുമായി മക്കളെ കാക്കുന്ന മാതാ പിതാക്കളുടെ സ്വപ്നങ്ങളുണ്ട്. പ്രിയമുള്ളവളുടെ പ്രണയാർത്ത മോഹങ്ങളുണ്ട്. അവരെക്കൊല്ലാനാണോ നിങ്ങൾ സൈനികനായത് ? അധികാരികളുടെ ശരങ്ങൾതൊടുക്കുന്നതിനുള്ള അടിമ വില്ലുകളായത് ? അവർ ചൂണ്ടിയ അതിരുകൾ എവിടെയാണ് ? അവരുടെ മനസ്സിന്റെ സങ്കൽപ്പമല്ലേ അത് ? മണ്ണിനും ജലത്തിനും അതിരുകൾ വരയ്ക്കാനാവുമോ ? ഇല്ലാത്ത അതിരിനാണോ കാവൽ നിൽക്കേണ്ടത് ? അടിച്ചു വിട്ട റബ്ബർ പന്ത് പോലെ ആകാശത്ത് ഭൂമി നിൽക്കുമ്പോൾ അജ്ഞേയങ്ങളായ ഭ്രമണ താളങ്ങളിൽ അതിരുകൾ എവിടെയാണ് ? അധികാരികളുടെ അപ്പം ഉപേക്ഷിച്ച് അജയ്യനായി പുറത്തു വരിക. സങ്കൽപ്പങ്ങൾക്ക് ‘അപ്പുറം ‘ ഇല്ലാത്തതിനാൽ അവിടെ…
Category: POEMS
ശക്തനാം ദൈവമെൻ സൈന്യാധിപൻ (കവിത): പി.സി. മാത്യു
കാറ്റും മഴയും കടലും കരയും കലങ്ങി മറിഞ്ഞാലും വൻ കരങ്ങളാൽ താങ്ങുവാൻ വിശ്വസ്തനാമെൻ ദൈവമുണ്ട്…. കാർമേഘമിരുണ്ടു കൂരിരുട്ടായാലൂം കാഴ്ചയേകുവാൻ കർത്തനുണ്ട് സൂര്യനായ് മേഘത്തിലുദിച്ചിടുമെ സ്വർഗം തുറന്നവൻ വന്നീടുമേ…. ശത്രുക്കളൊക്കെയും ഭയപ്പെട്ടു വേഗം ശങ്കയോടെ ചിതറിയോടുവാൻ ദൂതഗണങ്ങളെ ഊരിയ വാളുമായി ദേവനവനയച്ചിടും സംശയമെന്യേ… മാലാഖമാർ തൻ പടധ്വനി വാനിൽ മാലോകരെ നിങ്ങൾ കേൾക്കുന്നീലെ? പറക്കും കുതിര തൻ ഗംഭീര സീല്‍കാരം പ്രകമ്പനം കൊള്ളിക്കുന്നതും… താമസമില്ലിനി ശാന്തത പടരുവാൻ താമസമില്ലിനി യുദ്ധം തീരുവാൻ ശത്രു ഭീഷണി ഫലിക്കില്ലിനിയും ശക്തനാം ദൈവമെൻ സൈന്യാധിപൻ
അകലെ അസ്തമയം (കവിത)
അസ്തമയത്തിന്റെ ചെഞ്ചുവപ്പിൽ എന്റെ ഇത്തിരിപ്പൂ കൂടി, വച്ച് തൊഴട്ടേ ഞാൻ. നിൽക്കൂ, സമയ സമൂർത്തമേ സ്വപ്‌നങ്ങൾ വിട്ടയക്കുന്നില്ല, യാലിംഗനങ്ങളാൽ ! ഏതോ നിഗൂഢയിടങ്ങളിൽ ആണവ – ബാണം കുതിക്കാനൊരുങ്ങുന്നുവോ – എന്റെ വീടും അതിൽപൂത്ത സ്നേഹമാം സൗഹൃദ – ച്ചൂടും ഒരുപിടി ചാരമായ് തീരുമോ ? പാടില്ല, പാടില്ലായീക്കളി തീക്കളി – വാരി വിതക്കുവാൻ നീയാര് ? – ദൈവമോ ? മണ്ണിനെക്കൊന്ന് നീയെന്താണ് നേടുക, മണ്ണല്ലേ ? – നാളെ മടങ്ങേണ്ട താവളം ? വന്നുദിക്കട്ടേ യൂഷസുകൾ നാളെയിൽ വർണ്ണങ്ങളായി വിടരട്ടെ നമ്മളും. ഒന്നൊരിക്കൽ കൂടി വന്നു പിറക്കുവാൻ ഉണ്ടായിരിക്കണമമ്മയീ ഭൂമിയാൾ ?
നായക്കെന്താ കൊമ്പുണ്ടോ? (കവിത): ഡോ. ജോര്‍ജ് മരങ്ങോലി
പക്ഷിമൃഗാദികൾ സങ്കടഹര്‍ജിയായ്, പക്ഷം ഭരിക്കുന്ന മന്ത്രി പക്കൽ. നായയോടെന്തുകൊണ്ടിത്രയും സഭ്യത, നായകൾക്കുണ്ടായോ രണ്ടു കൊമ്പ്? ആടിനെക്കൊല്ലുന്നു, ആട്ടിറച്ചി, നല്ല ആട്ടിൻ സൂപ്പെന്നതും കേമമാണ്! കാള, പശുക്കളും പൊള്ളാച്ചിയിൽ നിന്ന്, കാൽനടയായ് , പിന്നെ ലോറിയിലും. ബീഫിന്റെ ബിരിയാണി, പലപല വിഭവങ്ങൾ, ബീഫു വിരോധികൾക്കാടും, കോഴീം. കൊഴിയാണെങ്കിലോ, നാടനും ബ്രോയിലറും, കോഴിയില്ലാതെന്തു സദ്യയിന്നു? പോർക്കിന്റെ മാസം കൊണ്ടുണ്ടാക്കി വിണ്ടാലൂ, പോർക്ക്കഴിക്കാത്തോർ മിണ്ടിയില്ല. താറാവും, മുയലുമാ കാടയും, കൾഗവും, താഴ്ന്നതല്ലൊരുനാളും “ഗോർമേ” ഭക്ഷ്യം. മീൻകെട്ടിൽപോറ്റി വളർത്തുന്ന പലവിധം, മീനുകളെല്ലാർക്കും ഇഷ്ടമാണ്. ജീവനുണ്ടെല്ലാർക്കും, അര്‍ഹതയുള്ളൊരു, ജീവികൾ തന്നല്ലേ ഞങ്ങളെല്ലാം? നായയെപ്പോലെ വളർത്തുന്നു ഞങ്ങളേം, നായകൾക്കില്ലല്ലോ രണ്ടുകൊമ്പ് ? മറ്റുമൃഗങ്ങളിലാരുമിന്നേവരെ, മനസ്സറിഞ്ഞാരേം കടിച്ചതില്ല! കാരുണ്യഹീനാനാം ശ്വാനനാണെങ്കിലോ, കാണുന്നവർക്കെല്ലാം പേടിസ്വപ്നം! വന്ധ്യംകരണം ചെയ്താൽ കടിക്കാതിരിക്കുമോ, വംശമില്ലാതാകും പിന്നെയെന്നോ? അതുവരെ മനുജൻമാർ കടിയേറ്റു ചാകണോ, അത്രയും മുഖ്യൻ ഈ ജന്തുവാണോ? മനുഷ്യനെ കൊല്ലുന്നകാട്ടിലെ പന്നിയെ, മനുഷ്യരക്ഷക്കായി…
ഹാലോവിന്‍ കാഴ്ചകള്‍ (ഓട്ടംതുള്ളല്‍)
ചെകുത്താന്‍ വിളയാടും നാട് ദൈവത്തിന്‍ സ്വന്തം നാട്! പുരുഷ വിളയാട്ടം മാറി നാവിനു നീളം കൂടിയ നാരികള്‍ യക്ഷികളായി ചുറ്റിനടന്നു! സരിതയും സ്വപ്നയുമൊക്കെ ഒരുക്കിയ വഴികളിലങ്ങനെ നൂതന യക്ഷികള്‍ നിന്നുവിളങ്ങി കഷായം ഗ്രീഷ്മ, സൈനയിഡു ജോളി എന്തിനു നരഭോജി ലൈലാമാരങ്ങനെ! ഉഗ്രവിഷം ചീറ്റും പെണ്‍ പാമ്പുകള്‍ പത്തിവടര്‍ത്തി ആടും നമ്മുടെ നാടോ ദൈവത്തിന്‍ നാട്? ഹലോവിനു നൂതന നിറമേകും നമ്മുടെ നാട്, നശിച്ചു നാറാക്കല്ലായി ചെകുത്താന്‍ കയറിയ നാട്! ഹണികളെവിടയുങ്ങനെ ചാറ്റിചീറ്റി മണികളടിച്ചു മാറ്റും ചെറ്റകള്‍! തണുംചാരി നിന്നവരൊക്കെ മാനംപോയി ചുറ്റി നടന്നു! അടിമുടിയങ്ങനെ തട്ടിപ്പിന്‍ ചുഴിയില്‍ മുങ്ങിതാഴും നമ്മുടെ നാട് പിശാചിന്‍ നാടല്ലെന്നുണ്ടോ!! എന്തിനു വെറുമൊരു ആഘോഷ, ഹലൊവിന് നമ്മുടെ നാട്ടില്‍ നിത്യഹലോവിന്‍ വിളയാട്ടമതങ്ങനെ!!
എൻ്റെ ജന്മദേശം (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ
കേരങ്ങളെങ്ങും വളരുന്നതാം കൊച്ചു കേരളമാണെന്റെ ജന്മദേശം! ഈ മണ്ണിലല്ലോ പിറന്നതെന്നോർക്കുമ്പോൾ രോമാഞ്ചം കൊള്ളൂന്നെൻ മേനിയാകെ! മാവേലി പണ്ടു ഭരിച്ചൊരീപ്പൂമണ്ണിൽ മാനവർക്കെൻതൈക്യമായിരുന്നു! തമ്മിൽ വഴക്കും വക്കാണവു മില്ലാതൊ- രമ്മ തൻ മക്കൾ പോൽ വർത്തിച്ചവർ! ഈണത്തിൽ പാടീ കവീശ്വരന്മാരെല്ലാം ഈ പുണ്യ ദേശത്തിൻ സൗകുമാര്യം! ഭൂമിയിലേവർക്കും മാതൃകയായല്ലോ ഈ മഹാദേശത്തിൻ സൗഹൃദവും! തുഞ്ചത്തെഴുത്തച്ഛൻ ഉള്ളൂരും വള്ളത്തോൾ കുഞ്ചനുമാശാനുമെത്ര പാടി! ചങ്ങമ്പുഴ തൻ പ്രകൃതി വർണ്ണനകൾ തങ്ങി നിന്നീടാത്തതേതു ഹൃത്തിൽ! മുറ്റുമനശ്വര സ്നേഹസംഗീതങ്ങൾ മാറ്റൊലിക്കൊണ്ടീ മഹിയിലാകെ, ശാന്തി തൻ സന്ദേശ വാഹികൾ പ്രാവുകൾ സ്വച്ഛന്ദം പാറിപ്പറന്നു ചെമ്മേ! തെച്ചിയും പിച്ചിയും തൂമുല്ലയും പച്ച- പട്ടുടുത്താടും നെൽപ്പാടങ്ങളും, തോരണം ചാർത്തി നിന്നാടും മരങ്ങളും തൂമയെഴും മൊട്ടക്കുന്നുകളും, പൊട്ടിച്ചിരിച്ചൊഴുകീടുമരുവിയും പാടിപ്പറക്കും കുയിലുകളും, വെള്ളിച്ചിലമ്പിട്ടൊഴുകും നദികളും കുളിർ കോരും നീലത്തടാകങ്ങളും, ചേലെഴും മാമരത്തോപ്പുകളും നീളെ ചോലയും വള്ളിക്കുടിലുകളും, ചെന്തെങ്ങും ചെത്തിയും ചെമ്പരത്തിപ്പൂവും എൻ്റെ നാടിൻ…
പ്രണാമം
വിശുദ്ധ നാമധാരിയായ…… സ്വതസിദ്ധമായ പുഞ്ചിരിയിലൂടെ… ഘനഗംഭീര ശബ്ദത്തിനുടമയായ കാര്യകാരണസഹിതം പറയേണ്ടത് പറഞ്ഞു… നിലപാടുതറയിൽ ഉറച്ചു നിന്ന് അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തകളുടെ “തലക്കെട്ടിലെ” രഹസ്യങ്ങളുടെ ചുരുൾ അഴിച്ച്….. കാർന്നു തിന്നുന്ന വേദനയിൽ കരുത്തയായ സഹധർമ്മിണിയുടെ മടിയിൽ കുരുന്നുകളെ മാറോടുചേർത്ത് ജനാധിപത്യത്തിൻറെ അഞ്ചാം തൂണ് തേടിയ യാത്രയിൽ …… മരണമെത്തും വരെ ഊർജ്ജസ്വലനായി…. ഒരായിരം ചിന്തകൾക്ക് നിറം പകർന്നു…. വഴികാട്ടിയായ നന്മമരമേ.. പ്രണാമം പ്രണാമം പ്രണാമം
ദൈവത്തിന്റെ സ്വന്തം നാട് (ഓട്ടംതുള്ളല്‍)
കേട്ടില്ലെങ്കില്‍ കേട്ടോ! നമ്മുടെ നാട്ടില്‍ നടക്കും നരഹത്യയുടെ നാറും കഥകള്‍ കേട്ടോ! നരബലിയങ്ങനെ നരഭോജനമങ്ങനെ! കേട്ടവര്‍, കേട്ടവര്‍ ഓടിക്കൂടി സാക്ഷര കേരള- ജനതകള്‍ ഞെട്ടി ഇല്ലില്ലിങ്ങനെ ഒന്ന് കേട്ടിട്ടിതുവരെയന്നു- ജനം! പാവപ്പെട്ടവര്‍ ലോട്ടറി വിറ്റു നടന്നവര്‍ അരചാണ്‍ വയറിന് മുറവിളികൂട്ടി നടന്നൊരു നാരികളെ വെട്ടിമുറിച്ച് കറി ചട്ടീലാക്കീന്നൊരു കഥ! ഭക്തികള്‍ മൂത്തൊരു കൂട്ടര്‍! കുട്ടിച്ചോറാക്കി കട്ടു മുടിച്ചു കലി കയറും നരബലിയുടെ നാടോ! നമ്മുടെ നാട്! എന്തൊരു മാറ്റം നാട്ടില്‍! കള്ളും, കഞ്ചാവും പെണ്‍വാണിഭവും തട്ടിപ്പും, വെട്ടിപ്പും കൊട്ട്വേഷനുമങ്ങനെ! കള്ളനു കൂട്ട്, കള്ളന്‍! കുരുടന്റെ കണ്ണു ചുഴിഞ്ഞെടുക്കും ചതിയന്മാരെവിടയുമങ്ങനെ! ചതിയുടെ ചുഴിയില്‍ വീണു പിടഞ്ഞു ഗതികെട്ടൊരു ജീവിതമങ്ങനെ! എന്തിനു പറയട്ടിവിടെ സുന്ദരമെന്ന് വിദശികള്‍ വശേഷിപ്പിച്ചൊരു ദൈവത്തിന്‍ സ്വന്തം നാട്- നശിച്ചു നാറാണക്കല്ലായ്!
ചിറകടികൾ (യുദ്ധ വിരുദ്ധ കവിത): ജയൻ വർഗീസ്
(ആണവായുധ ഭീഷണിയുടെ അനിശ്ചിതത്വത്തിന്നടിയിൽ ആയുസ്സിന്റെ അരനാഴിക നേരം തള്ളി നീക്കുന്നആധുനിക മനുഷ്യന്, അതിരുകൾ തിരിക്കപ്പെട്ട ഭൂമിയിലെ രാഷ്ട്രീയ (ഉദാഹരണം : റഷ്യൻ – യുക്രയിൻ ) നേതാക്കളുടെ ധാർഷ്ട്യത്തിന്റെ കാൽചുവടുകളിൽ സ്വന്തം ജീവിതം പോലും അടിയറവു വയ്‌ക്കേണ്ടി വരുന്നദയനീയ സാഹചര്യങ്ങളിൽ വിശ്വ മാനവികതയുടെ ചതഞ്ഞരയുന്ന സ്വപ്നങ്ങളുടെ ചിറകടികൾ) ഉത്തുംഗ വിന്ധ്യ ഹിമവൽ സാനുക്കളെ, അത്യഗാധങ്ങളാ, മാഴിക്കുടങ്ങളേ, സുപ്രഭാതങ്ങൾ വിടർത്തും നഭസ്സിന്റെ – യത്യത്ഭുതങ്ങളെ, ചന്ദ്ര താരങ്ങളേ, ഇത്തിരിപ്പൂവായ്,യിവിടെയീ ഭൂമി തൻ മുറ്റത്തു നിന്ന് ചിരിക്കുമീ മാനവ – വർഗ്ഗത്തിനായി ഞാൻ മാപ്പു ചോദിക്കട്ടെ, ഹൃദ് മിഴിനീരാൽ കഴുകട്ടെ കാലുകൾ ! നിത്യവും സൂര്യനുദിക്കാതിരുന്നില്ല, കൃത്യമാ, യെത്താതിരുന്നില്ല രാവുകൾ. തെറ്റിയും, മുല്ലയും പൂക്കുന്ന കാവുകൾ – ക്കിക്കിളി യേകാതീരുന്നില്ല കാറ്റുകൾ? എന്റെ വർഗ്ഗത്തിനായെന്തെന്തു ചാരുത മന്ദസ്മിതങ്ങൾക്കു ചാർത്തി നീ വിശ്വമേ ! തിന്നും,കുടിച്ചു, മിണചേർന്നും നാളെയെ പൊന്നിൻ കിനാവിന്റെ…
വസ്ത്ര വിചാരണയിലെ പാക്ഷിക ശാസ്ത്രം (കവിത): സതീഷ് കളത്തിൽ
ഇന്നലെ: ‘ജോക്കി’ ഒരു അടിവസ്ത്രമാണ്… ജോക്കീടെ മുകൾപരപ്പ് തരുണികളിൽ ആസക്തി ഉളവാക്കും. അവരുടെ രാവുകളെ നാട്ടിലെ ചന്ദ്രന്മാർ ഗന്ധർവന്മാരായെത്തി പകലുകളാക്കും. അവരിലെ താരുണ്യത്തെ ഇല്ലായ്മ ചെയ്യും. അവരുടെ അന്തപ്പുരങ്ങളും ആറാടുന്ന ജലാശയങ്ങളും കൊഴുകൊഴുപ്പുള്ളതും വഴുവഴുപ്പുള്ളതുമാക്കും. പൊതുയിടങ്ങളിലവർ അന്ധരാകേണ്ടി വരും. അവരുടെ ഉഷ്ണംതിങ്ങിയ ദീർഘനിശ്വാസങ്ങൾ സ്വച്ഛന്ദമായ കാറ്റിനെ വിഷലിപ്തമാക്കും. ഉടയാത്ത ‘ഭാരതീയ സാംസ്കാരിക’ ഭരണിക്ക് ഉടച്ചിൽ സംഭവിക്കും. ആയതിനാൽ, ആണുടലിൽ ആണത്തം കാട്ടി; കുറുമ്പ് കാട്ടി നടക്കുന്ന ജോക്കീടെ മുകൾപരപ്പുകളുടെ പൊതുജന സമക്ഷമുള്ള അവതരണം; അഥവാ, ‘ലോ വെയ്സ്റ്റ് സ്റ്റൈൽ’ നിരോധിച്ചും ലംഘനങ്ങൾക്ക് ഏമാന്മാർ വക കലിതീരെ ചൂരൽ പ്രയോഗങ്ങൾ കൽപ്പിച്ചും ഈ കോടതി ഇതിനാൽ ഉത്തരവാകുന്നു. എന്ന്, (ഒപ്പ്) അഖില കേരള സദാചാര കച്ചേരി ഉത്തരവിൻപടി, ശിരസ്തദാർ. സ്ഥലം: കേരളം തിയ്യതി: സദാചാരം തൂക്കിലേറുന്നതിനു തലേനാൾ. ഇന്ന്: കളത്രപ്രദേശമൊഴികെ; തരുണീത്തുടകൾ, മാറിടങ്ങൾ, പൊക്കിൾ, കക്ഷം, പൃഷ്ഠം എന്നീ…