വിഷുക്കണി കാണുവാൻ…. കേൾക്കുവാൻ…. അനുഭവിക്കുവാൻ (കവിത): എ.സി.ജോർജ്

സൽകർമ്മങ്ങൾ എന്നെന്നും കണി കാണുവാൻ കേൾക്കുവാൻ അനുഭവിക്കുവാൻ തുറക്കാം കണ്ണുകൾ കാതുകൾ ഹൃദയ കവാടങ്ങൾ തൂലികത്തുമ്പുകൾ ഹൃദയ സരസ്സിലെ കാർമേഘങ്ങൾ പൂമഴയായി തേൻ മഴയായി പെയ്യട്ടെ ഭൂതലത്തിലെങ്ങും മതമേതായാലും മതമില്ലാത്തവരും ഒരുമയോടെ തുറന്ന മനസോടെ സ്നേഹാർദ്രമായി ഓരോ പ്രഭാതം മുതൽ പ്രദോഷം വരെ കണി കാണുവാൻ ഭാഗ്യം തരേണമേ ഭവാനേ തമ്പുരാനേ, കരുണ ചൊരിയണേ പ്രഭാ മൂർത്തെ ദയാ നിധി എങ്ങും പൊട്ടിമുളയ്ക്കും മതസ്പർദ്ധയല്ല കാണേണ്ടത് അങ്ങിങ്ങായ് അവസരവാദികൾ അധികാരമോഹികൾ, മാനവരെ തമ്മിലടിപ്പിക്കാൻ വിതയ്ക്കും വിഷ വിത്തുകൾ മാനവർ കണ്ണുതുറന്ന് വേരോടെ പിഴുതെറിയണം വിഷം വിതറും വിദ്വേഷം വിതക്കും ചില മതമൗലിക കുൽസിത പ്രവർത്തകർ വക്താക്കൾ പൂജാരികൾ അന്ധവിശ്വാസങ്ങൾ വലിച്ചെറിഞ്ഞ് അനാചാര ദുരാചാരം വലിച്ചെറിഞ്ഞ് നിർമ്മല മനസ്സായി നമ്മൾ മനുഷ്യ നന്മയ്ക്കായി ഓരോ വിശ്വാസവും മാനിക്കാം എന്നും അകക്കണ്ണും പുറക്കണ്ണും മലർക്കെ തുറന്നിടാം, നന്മകൾ എന്നെന്നും ദർശിക്കുവാൻ…

എന്റെ കേരളം (കവിത): ജയൻ വർഗീസ്

ഒരു വശത്തുംഗ ഗിരി നിരാ ജാലവും മറുവശത്തലയാഴി തൻ സംഗവും മര നിരകളിൽ തത്തയും മൈനയും കുറുകി നേദിച്ച സുപ്രഭാതങ്ങളും ഇവിടെയുണ്ടെന്റെ കേരളം മകരന്ദ കുളിരു കോരുന്ന മഞ്ഞും കുയിൽക്കിളി കുരവ ‘ കൂ കൂ ‘ സ്വര രാഗ സംഗീത കവിതയൂറുന്ന മാമ്പൂ മണങ്ങളും തഴുകി സ്നേഹാർദ്ര ബന്ധുര സുസ്മിത പ്പുളക ജീവിതപ്പൂക്കള ഭംഗിയും, ഒരു കവി വാക്യ ഗരിമയിൽ ദൈവത്തിൻ അരുമ നാടിതു സർവ്വ ലോകത്തിനും ! കപട നായകർ കയ്യേറി കേരളാ മുനി കുമാരികാ കന്യകാ മുത്തിനെ വിഷ വിസർജ്ജന ക്രൂര ദംഷ്ട്രങ്ങളാൽ നിണമണിയിച്ച കാല പ്രവാഹമേ, മധു നനഞ്ഞൊരാ കോരകപ്പുല്ലിനെ മതി മറന്നു നാവാർത്തിയാൽ നക്കിയ ശര നിപജ്ഞതാ മുറിവിൽ നിന്നൊഴുകിയ നിണമണിഞ്ഞതോ വർത്തമാനപ്പുഴ ? ഒരു മതത്തിനും നീതിശാസ്ത്രത്തിനും പരിണയിക്കുവാൻ വേണ്ടായെന്നാകിലും തെരുവിൽ വിൽക്കുന്ന പെൺ ശരീരങ്ങളായ് വിടുകയില്ലീ കരളിന്റെ…

രാസ മാറ്റങ്ങൾ? (കവിത): ജയൻ വർഗീസ്

നിദ്ര നിതാന്തമാം നിദ്ര യതിലൊരു നിത്യ പ്രകാശ വിലാസം ! ഒന്നുമില്ലായ്മയാം യാദൃശ്ചികങ്ങളിൽ പൊന്നിൻ ചിലമ്പൊലി നാദം ! ഒന്ന് ചേരാതെ പിണങ്ങും കണികയോ – ടൊന്നുണരാനൊരു മന്ത്രം ! സിങ്കുലാരിറ്റി കവിൾ ചോപ്പിലാദ്യമായ് ഇംഗിത പ്രേമാർദ്ര മുത്തം ! സത്യ പ്രപഞ്ചമായ് ശിൽപ്പിതൻ കൊത്തുളി ചുറ്റിക താള ലയാസം ! ബിഗ് ബാംഗിൾ സിങ്കുലാരിറ്റി തൻ ഹൃത്തടം പൊട്ടിപ്പിളർന്നു വികാസം ! നക്ഷത്ര പാറയിൽ വായു കുമിളയാം തൊട്ടിലിലെന്നെയുറക്കാൻ എത്ര ശതകോടി വർഷങ്ങൾ പിന്നിട്ട സ്വപ്ന സാക്ഷാൽക്കാര പുണ്യം ! സത്യ പ്രപഞ്ചത്തിൽ സത്വരം വാഴുന്ന ശക്തിയാം സത്തയായ് ജീവൻ ചിപ്പിയിൽ വീണ മണൽത്തരി പോലൊരു മുത്തായി മാറുന്നു നമ്മൾ ! ഒന്നായ വിശ്വ മഹാ പ്രപഞ്ചത്തിന്റെ റിംഗ് മാസ്റ്ററാം ശക്തി സത്ത എന്നിലും നിന്നിലും പുല്ലിലും പൂവിലും ഉണ്മയാം ജീവൽത്തുടിപ്പായ്, മുത്തേ, മനുഷ്യക്കൂരുന്നേ നിനക്കായി…

നിദ്രയും ഭദ്രതയും (കവിത) : തൊടുപുഴ കെ ശങ്കർ മുംബൈ

നിദ്രയിലരുതാർക്കും തെല്ലുമേ ഭ്രമം, ദീർഘ- നിദ്രയിലാഴാനുള്ള തല്ലല്ലോ ഒരു ദിനം! കുമ്പയും നിറച്ചൊന്നു മേശിടാതല്ലോ ചിലർ കുംഭകർണ്ണനും തോറ്റു പോകുമാറുറങ്ങുന്നു! ഉണ്ണുവാൻ ഉറങ്ങുവാൻ മാത്രമായ് ജീവിക്കുന്നോർ കന്നുപോൽ വളരുന്നു കാലങ്ങളറിയാതെ! കാണുന്നോർക്കവർ വെറും കഥയേ യില്ലാത്തവർ കാണുന്നില്ലവർ മറ്റുള്ളോരെയുമൊരിക്കലും! ഉറക്കം കൂടിപ്പോയാൽ ഉടലിൽ പിത്തം കൂടും ഉള്ളിലാലസ്യം കൊടുമുടിപോൽ വളർന്നിടും! ഉറക്കം കുറഞ്ഞാലോ കൃത്യത്തിൽ വിലോപവും ഉള്ളതുമില്ലാതാകു മവ്വിധം തുടർന്നെന്നാൽ! നിദ്രയിലതിപ്രിയ മായെന്നാൽ കുടുംബത്തിൻ ഭദ്രത ദൈനം ദിനം ക്ഷയിക്കു മൽപ്പാൽപ്പമായ്! മദ്യവുംഅമിതമാം നിദ്രയുമൊന്നിച്ചേർന്നാൽ ഉദ്യമിച്ചീടാനുള്ള ശേഷിയേയില്ലാതാകും! ഉറക്കം മൂലം സ്വന്തം നാടിനെ ഗൗനിക്കാതെ ഉലകിൽ കഴിഞ്ഞിരുന്നെത്രയോ മഹാനൃപർ! കുറവില്ലിന്നും സ്വന്തം കണ്ണുകൾ തുറന്നുവ- ച്ചുറങ്ങി കഴിയുന്ന ഭരണാധിപന്മാരും! ഓർക്കുവിൻ, ഉറങ്ങുവാൻ നിശ്ചിത നേരം മാത്രം ഓർമ്മയും വേണം നേരത്തുണരാനതുപോലെ! ഉള്ളുണർന്നിരിക്കേണമേതു നേരവും ക്ഷീണം തളർത്തിക്കിടത്തുന്ന ഗാഢ നിദ്രയിൽ പോലും!

റെയിൽ പാളത്തിൽ ചിന്നിചിതറിയ മൂന്ന് പെൺ ജന്മങ്ങൾ (കവിത): എ.സി. ജോർജ്

ചീറി പാഞ്ഞുവരും ട്രെയിൻ മുൻപിൽ റെയിൽ പാളത്തിൽ നിരാശയുടെ നീർക്കയത്തിൽ ഹൃദയം തകർന്നൊരമ്മ രണ്ടരുമ പെൺകിടാങ്ങളെ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ചു നിന്നു ഒരു നിമിഷം ഒരേയൊരു നിമിഷം ആ മൂന്ന് പെൺ ജന്മങ്ങൾ കഷണം കഷണമായി ചോര ചീന്തി മാംസക്കഷണങ്ങളായി റെയിൽ പാളത്തിൽ ചിന്നി ചിതറിയ ആ രംഗം എൻ മനോമുകുരത്തിൽ എൻ ഹൃത്തടത്തിൽ ഒരു നോവായി ഹൃദയം പിളരുന്ന നൊമ്പരമായി വാർത്തകൾ കഥകൾ അനുഭവങ്ങൾ കേട്ടമാത്രയിൽ എൻ ഹൃദയം കൂടുതൽ വിങ്ങിപ്പൊട്ടി ആത്മരോഷത്തിൻ ചിന്തകളിൽ തപ്തമായി അതിജീവനത്തിനായി ജോലിക്കായി അവർ മുട്ടാത്ത വാതിലുകളില്ലാ അവർക്കെതിരെ കൊട്ടിയടക്കപെട്ട, തുറക്കാത്ത വാതിലുകൾ ഭർത്ത് വീട്ടിലും സ്വന്തം വീട്ടിലും മുഖം തിരിച്ചു നിന്നവർ കുടുംബ രക്തബന്ധങ്ങൾക്ക്‌ പുല്ലുവില കൽപ്പിക്കാത്തവർ ഏറെയും സ്വന്തം ചെയ്തികൾ മുടന്തൻ ന്യായങ്ങളാൽ വെള്ളപൂശാൻ തത്രപ്പെടുന്നവർ ആരാണ് ഈരക്തത്തിനു ത്തരവാദി ചോദിക്കാൻ..പറയാൻ.. ഹൃദയ കവാടങ്ങൾ ഹൃദയത്തിൻ അൾത്താരകൾ…

പ്രണയാലാസ്യത്തിൽ പ്രകൃതി (പ്രണയ വാര കവിത): ജയൻ വർഗീസ്

പടിഞ്ഞാറേ മാനത്തെ പവിഴപ്പൂമ്പാടത്ത് പകലോനാം പുലയന്റെ കാളപൂട്ട് ! ചേറിന്റെ മണമുള്ള ചെന്താമരപ്പെണ്ണിൻ മാറത്ത് പ്രണയത്തിൻ കേളികൊട്ട് ! മാനത്തെ മാളോന്റെ പാടത്തെപൊന്നാര്യൻ താളത്തിലാടുമ്പോൾ, കൊടിയുടുത്തു വെൺ മേഘത്തിൻ പന്തലിൽ മോഹക്കാറെത്തുമ്പോൾ, നാണംപുരണ്ട ചിരിയുമായ് താരകൾ പൂവിളി പാടുമ്പോൾ, താലിയണിഞ്ഞു തരളിതയായിവൾ വ്രീളാവിവശയാകും, മാരന്റെ മാറിൽപ്പടർന്നു കേറും ! താരകപ്പൂചൂടി താളത്തിൽ, മേളത്തിൽ രാവുകൾപാടുമ്പോൾ, താമരപ്പൂമണ – ക്കാറ്റിന്റെയോരത്തു ചാരത്തിരിക്കുമ്പോൾ, രോമാഞ്ച തീരത്തിലാരാരും കാണാത്ത പൂവിതൾ നോവുമ്പോൾ, ആദ്യത്തെ രാത്രിയി ലാനെഞ്ചിൻ ചൂടിലോ – രാവണിപ്പൂവാകും, പിന്നെ രാവാകെ വീണുറങ്ങും !!

മാറ്റത്തിന്റെ കാറ്റ് വരുന്നുണ്ട് ! (കവിത): ജയൻ വർഗീസ്

ഒരു പരമാണുവായലയുമ്പോൾ സ്വപ്‌നങ്ങൾ – ക്കൊരു ചേലുമില്ലായിരുന്നു ; ഒരു നിമിഷത്തിന്റെ പാതിയിൽ പ്രേമത്താ- ലൊരുമിച്ചു ചേരും വരേയ്ക്കും ! അവിടെയന്നാദ്യമായ് ഹൃദയ വികാരങ്ങ – ളനുഭൂതി വാരിപ്പുണർന്നു ! ഒരുമിച്ച ജീവൽ- ത്തുടിപ്പുകൾ കാലത്തിൻ തിരമാല നീന്തിക്കടന്നു ! ഒടുവിൽ ഒരത്ഭുത പരിണാമ പടുതിയിൽ ഒരു ജീവ കോശം മുളച്ചു അഭിലാഷമൊരു. പിടി പൂക്കളായ് മനസ്സെന്ന വനികയിൽ വന്നു നിറഞ്ഞു പ്രണയമായ് ഇണകളിൽ നിറയുന്ന രതികളിൽ തലമുറ കോപ്പികൾ വീണ്ടും ! വരികയാ‌ണെവിടെയൂം പരിണാമ പരിണയ നിരകളാം ഋതു ഭേദങ്ങൾ മനുഷ്യാഭിലാഷങ്ങൾ ഇതളിട്ടു വിരിയുന്ന യുഗ സംക്രമപ്പൂക്കളാകാൻ ! അതിരുകൾക്കപ്പുറ – ത്താകാശകുടയുടെ യടിയിലെ യശനി പാതങ്ങൾ അപരനെ കരുതുന്ന മനുഷ്യ മേധത്തിന്റെ കുതിരക്കുളമ്പടി യാകും !!

പ്രണയ സാഫല്യം (കവിത): ജയൻ വർഗീസ്

ആകാശ ഗംഗയിലോളം മുറിച്ചെത്തീ സൂര്യ കുമാരന്റെ തോണി തീരത്ത് നാണത്തിൻ നീല നിലാവല- ത്താഴത്ത് ‌ ഭൂമിക്കിടാത്തി തേജസാമാമുഖ ശോഭയിൽ പെണ്ണിന്റെ മാറത്തു പ്രേമ വികാരം നാണിച്ചു ദർഭ മുന കൊണ്ട ഭാവത്തി- ലാ രൂപം വീണ്ടും നുകർന്നു. മേഘങ്ങൾ വണ്ടുകൾ മൂളിപ്പറന്നെത്തി യോമലെ തൊട്ടുരുമ്മുമ്പോൾ ഓടിഒപ്പിടഞ്ഞെത്തി യോടിച്ചാ നാണത്തെ മാറോടു ചേർത്തു പുണർന്നു ! തോഴിമാർ പോലുമറിഞ്ഞില്ല കന്യകാ ബീജാപദാന സുഷുപ്തി . ജീവൻ ! പ്രപഞ്ച മഹാ വന സൗഭാഗ്യ കാലടി പിച്ച വയ്ക്കുന്നു ! കോരിത്തരിച്ചു പോയ് ഭൂമി – യിവൾ തന്റെ മാറിലെ ചൂടിൽ വളർത്തി കോടി യുഗങ്ങൾ വിരിയിച്ച സ്വപ്‌നങ്ങൾ യാഥാർഥ്യമായതറിഞ്ഞു ! ഇല്ല മറ്റെങ്ങുമില്ലാ യിതു പോലൊരു ജന്മ സാഫല്യ പ്രപഞ്ചം ! നിത്യ സുഗന്ധിയാം സുന്ദരി ഭൂമിക്ക് കിട്ടിയ മുത്താണ് ജീവൻ !

അതിരുകളിൽ പിടയുന്ന ആത്മ വേദനകൾ ! (കവിത): ജയൻ വർഗീസ്

അടുത്ത നേരത്തെ ആഹാരത്തിനുള്ള അനിശ്ചിതത്വത്തിൽ അര വയറിൽ മുണ്ടു മുറുക്കുന്ന നിസ്സഹായൻ, അവനിൽ കെടാതെ വിശപ്പിന്റെ കനൽ നീറ്റൽ ! പ്ലാവിൽ പഴുത്ത ചക്കയുണ്ടെന്നു വിളിച്ചറിയിച്ച സഹ ചകോരത്തിന്റെ പ്രലോഭനത്തിൽ മുള്ളും മുരിക്കും മൂർഖൻ പാമ്പും താണ്ടി മുൻപിൻ നോക്കാതെ. ഇങ്ങോട്ട് ! അതിരുകളുടെയും നിയമങ്ങളുടെയും അജ്ഞാത ചക്രങ്ങൾക്കിടയിൽ കുടുങ്ങി ചതഞ്ഞരഞ്ഞ്‌ അവകാശങ്ങൾ നിഷേധിക്കപ്പെട്ട അടിമയെപോലെ ഭയത്തിന്റെ ചങ്ങലയിൽ തളയ്ക്കപ്പെട്ടു ജീവിതം ? ആട്ടിയോടിക്കപ്പെടുന്നവരുടെ അങ്കലാപ്പിൽ ജീവൻ തുടിക്കുന്ന മുട്ടയും നെഞ്ചിൽ താങ്ങി കൂടൊഴിയുന്ന കൂനൻ ഉറുമ്പുകളെപ്പോലെ അതിരുകൾ തേടി ഒടുക്കം എങ്ങോട്ടോ മടക്കം ? പിന്നിൽ ഉലയുന്ന കുഞ്ഞു കൂട്ടിൽ പിരിയുന്ന പിഞ്ചോമനകളുടെ മൃദു കുറുകലുകൾ , ഇക്കരെ ഒറ്റപ്പെടുന്ന ഇണപ്പക്ഷിയുടെ ഇടനെഞ്ചിൻ വീണു മയങ്ങുമ്പോൾ ആരാരും അറിയാതെ പോകുന്ന മനുഷ്യാവകാശങ്ങൾ ആരുടേതുമല്ലാത്ത ആകാശത്തിന്നടിയിൽ അതിരുകൾ വരച്ചു വച്ചവന്റെ നീതിശാസ്ത്രം ആഗോള മനുഷ്യന്റെ അവകാശങ്ങളുടെ ശവക്കോട്ടകളിൽ…

റിമാൻഡ് ! (കവിത): ജയൻ വർഗീസ്

കുണ്ടു കിണറ്റിലെ തവളകളുച്ചത്തിൽ മണ്ഡൂക രാഗങ്ങൾ പാടുപ്പുളയ്ക്കവേ, ഷണ്ഡനൊരുത്തനാ വാതിൽപ്പുറങ്ങളിൽ കുന്തം പിടിച്ചൊരാ ദ്വാരകാ പാലകൻ എന്തൊരു ചന്തമാണിപ്പാട്ടി നെന്നൊരു ചിന്തയിൽ ഷണ്ഡൻ തല കുലുക്കീടവേ, ഹന്ത ! മഹാരാജ പുംഗവൺ ക്രീഡയിൽ പള്ളിയുറങ്ങുവാനെത്തീ യകങ്ങളിൽ ! അന്തഃപുരത്തിനു കാവലായ് നിർത്തിയ ഷണ്ഡൻ ചിരിച്ചത് കുറ്റമായ് ഖഡ്ഗത്തിന്റെ വെള്ളിപ്പുളപ്പിൽ തല തെറിച്ചപ്പോളും പല്ലിളിച്ചാ മുഖം ചുമ്മാ റിമാണ്ടിലായ്