സിപി‌എം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കൊലപാതക കേസുകളില്‍ പലരും കൊല്ലപ്പെടുന്നത് നേതാക്കളുടെ പങ്ക് പുറത്തുവരാതിരിക്കാനാണെന്ന്

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മൻസൂറിന്റെ കൊലപാതകത്തെത്തുടർന്ന് സി.പി.എം പ്രവർത്തകർ ഉൾപ്പെട്ട നിരവധി കൊലപാതകക്കേസുകളിൽ പ്രതികളുടെ ദുരൂഹമരണം വീണ്ടും ചർച്ച ചെയ്യപ്പെടുന്നു. ബി.ജെ.പി നേതാവ് കെ.ടി. ജയകൃഷ്ണന്‍, എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസല്‍, ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ എന്നിവരെ വധിച്ച കേസിലെ ചില പ്രതികള്‍ മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത് യു.ഡി.എഫും ബി.ജെ.പിയും ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത് സിപി‌എമ്മിനെ കുരുക്കിയേക്കും.

വാളയാര്‍ കേസില്‍ കോടതി കുറ്റമുക്തനാക്കിയ പ്രദീപ് കുമാറിന്റെ ദൂരൂഹമരണം പലതവണ ചര്‍ച്ചയായിരുന്നു. ജയകൃഷ്ണന്‍ വധക്കേസില്‍ ചില സത്യങ്ങള്‍ തുറന്ന് പറയാനുണ്ടെന്ന് പ്രതി കാരായി സജീവന്‍ പറഞ്ഞ ശേഷം മാഹിയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയത് സി.പി.എമ്മുകാരാണെന്ന് അമ്മ അന്ന് ആരോപിച്ചിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ, പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് എത്തി സജീവനെ വിളിച്ചുകൊണ്ടുപോയെന്നായിരുന്നു ആരോപണം. ഷുക്കൂര്‍ വധക്കേസിലെ പ്രതി കുമ്മനംനാട്ട് അച്ചാലി ഹരീഷിനെ ഒരു സ്വകാര്യ ആശുപത്രിയിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്.

കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂവേരിയില്‍ നെട്ടൂര്‍ ഗോവിന്ദന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായിരുന്ന സി.പി.എം പ്രവര്‍ത്തകന്‍ സജീവനെ ഒളിവില്‍ കഴിയുന്നതിനിടെ കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മറ്റൊരു പ്രതി സദാനന്ദന്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം സിപിഎമ്മിനെതിരെ തിരിയുകയും വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്നു. അതിന് ശേഷമാണ് ആത്മഹത്യ ചെയ്തത്.

ആന്തൂരിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ദാസന്‍ കൊല്ലപ്പെട്ടത് 1995 ഒക്ടോബര്‍ 26ന്. കേസില്‍ പ്രതികളെന്നു നാട്ടുകാര്‍ സംശയിച്ച രണ്ട് പേര്‍ ആത്മഹത്യ ചെയ്തു. പൊലീസിന്റെ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നവരല്ല. കോഴിക്കോട്ടെ ബി.എം.എസ് നേതാവ് പയ്യോളി സി.ടി.മനോജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്ത അയനിക്കാട് ചൊറിയഞ്ചാല്‍ സനല്‍രാജിനെ (25) റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തലശ്ശേരിയില്‍ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ട് രണ്ട് വര്‍ഷത്തിനിടെ നങ്ങാറത്തുപീടികയിലെ ജിജേഷ്, പരിമടത്തെ സലിം എന്നിവര്‍ കൊല്ലപ്പെട്ടു. ജിജേഷിനെ ആര്‍എസ്എസുകാരും സലിമിനെ എന്‍ഡിഎഫുകാരും വധിച്ചെന്നാണ് സിപിഎം ആരോപണം.

വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒരു പ്രതിയെയും പൊലീസ് ചോദ്യം ചെയ്ത വ്യക്തിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കേസിലെ ചില പ്രതികള്‍ക്ക് ‘അരിവാള്‍ പാര്‍ട്ടിയുമായി ‘ ബന്ധമുണ്ടെന്നു പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചിരുന്നു . കൊലപാതകങ്ങളില്‍ നേതാക്കന്മാരുടെ പങ്കാളിത്തത്തിനുള്ള തെളിവ് നശിപ്പിക്കുന്നതിനുള്ള ആസൂത്രിതമായ ഉന്മൂലനമെന്നാണു പ്രതികളുടെ മരണങ്ങളെ എതിരാളികള്‍ വിശേഷിപ്പിക്കുന്നത്. രതീഷിന്റെ മരണത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യവുമായി ബി.ജെ.പി. രംഗത്തുണ്ട്. യു.ഡി.എഫ്. ശക്തമായ കടന്നാക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ പാനൂര്‍ മേഖലയില്‍ സമാധാന സന്ദേശയാത്ര നടത്താന്‍ സി.പി.എം. തീരുമാനിച്ചു. ഇന്നു 2.30ന് കടവത്തൂരില്‍ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

Leave a Comment

More News